സ്വന്തം ലേഖകൻ: ഫ്രാൻസിൽ നിന്നും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ 7 വയസ്സുള്ള പെൺകുട്ടി ബോട്ട് മുങ്ങി മരിച്ചു. ഫ്രാൻസിലെ ഡൺകിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്. ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെൺകുട്ടിയടക്കം 16 പേർ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ ഡൺകിർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച ബോട്ട് മോഷ്ടിക്കപ്പെട്ടത് ആണെന്നും സൂചനയുണ്ട്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നൽകിയ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൺകിർക്കിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ബോട്ട് അപകടത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച മൂന്ന് കുടിയേറ്റക്കാർ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. 2014 ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ ഇതുവരെ 2000 ത്തിലധികം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഹോം ഓഫിസിന്റെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. 2023 വർഷത്തിൽ 52,530 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിലായി യുകെയിൽ എത്തിയതായാണ് കണക്ക്. 2022നെ അപേക്ഷിച്ച് ഇത് 17 % കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല