1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതല്‍ വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കാണ് അധിക ബാദ്ധ്യത ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുന്നത്. എന്നാല്‍, ആ ഭാരം കുറെയൊക്കെ കുറയ്ക്കുവാന്‍ ചില വഴികളുണ്ട്, അധികമാരും ശ്രദ്ധിക്കാത്ത വഴികള്‍.

നിങ്ങള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ഓരോ ദിവസവും ടിക്കറ്റ് വാങ്ങാതെ സീസണ്‍ ടിക്കറ്റ് എടുക്കുക എന്നതാണ് അതിലൊരു വഴി. ഏഴ് ദിവസത്തെ സീസണ്‍ ടിക്കറ്റ് എടുത്താല്‍ അതിന്റെ നിരക്ക് മൂന്നോ നാലോ ദിവസം, പ്രതിദിനം ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറവായിരിക്കും. നിങ്ങള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന റൂട്ടില്‍ സീസണ്‍ ടിക്കറ്റ് എടുത്താല്‍ എത്ര പൗണ്ട് ലാഭിക്കാം എന്നത് നാഷണല്‍ റെയിലിന്റെ ഔദ്യോഗികവെബ്സൈറ്റില്‍ ഉള്ള സീസണ്‍ ടിക്കറ്റ് കാല്‍ക്കുലെറ്റര്‍ ഉപയോഗിച്ച് കണക്കാക്കാവുന്നതാണ്.

അതേസമയം, ആഴ്ച്ചയില്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരു വര്‍ഷത്തേക്കുള്ള സീസണ്‍ ടിക്കറ്റ് എടുത്താല്‍ നിങ്ങള്‍ക്ക് നൂറു കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയും. ഉദാഹരണത്തിന് റഗ്ബിയില്‍ നിന്ന് ബിര്‍മ്മിംഗ്ഹാമിലേക്കും തിരിച്ചുംഉള്ള യാത്രക്ക് ശരാശരി 17.50 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. അതേസമയം, സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് വരുന്നത് കേവലം 5.47 പൗണ്ട് മാത്രവും.

അതുപോലെ പണം ലാഭിക്കാന്‍ മറ്റൊരു വഴിയാണ് ഫ്ളെക്സിബിള്‍ സീസണ്‍ ടിക്കറ്റ് വാങ്ങുക എന്നത്. 28 ദിവസ കാലയളവില്‍ 8 ദിവസത്തെ യാത്രകള്‍ക്കായി ഉപയോഗിക്കാവുന്നതാണ് ഈ ടിക്കറ്റുകള്‍. എന്നാല്‍, സ്ഥിരം യാത്രക്കാരനാണെങ്കില്‍, റെയില്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ ടിക്കറ്റിലും 60 ശതമാനം വരെ ലാഭിക്കാന്‍ കഴിയും. അതേസമയം 16- 25 പ്രായപരിധിയില്‍ ഉള്ളവര്‍ക്കും 60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്ള റെയില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ മൂന്നില്‍ രണ്ട് ഭാഗം വരെ കുറവ് ലഭിക്കും. ടു ടുഗതര്‍ (നിങ്ങളും ഒരു സുഹൃത്തോ കുടുംബാംഗമോ ഒരുമിച്ച് യാത്ര ചെയ്യുന്നത്) കാര്‍ഡുള്ളവര്‍ക്കും ഈ കിഴിവ് ലഭ്യമാണ്.

ഈ റെയില്‍ കാര്‍ഡുകള്‍ക്കായി പ്രതിവര്‍ഷം 30 പൗണ്ടാണ് നല്‍കേണ്ടത്. എന്നാല്‍, ടെസ്‌കോ ക്ലബ്ബ്കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പോയിന്റിന് പകരമായി 15 പൗണ്ടിന് ഈ കാര്‍ഡുകള്‍ ലഭ്യമാകും. അതുപോലെ ട്രെയിന്‍ കമ്പനിയുമായി നേരിട്ട് ബുക്കിംഗ് ചെയ്താലും നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കും. അതുപോലെ നാഷണല്‍ റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റും ഇക്കാര്യത്തില്‍ സഹായകരമാണ്. ഈ വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലെങ്കിലും, നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്നിടത്തേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഏതെന്ന് ഇത് കാണിക്കും.

ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍, നേരിട്ട് ഒരു ടിക്കറ്റ് എടുക്കാതെ, സ്പ്ലിറ്റ് ചെയ്ത് എടുത്താലും നിരക്ക് കുറയ്ക്കാനാവും. ഉദാഹരണത്തിന് ലണ്ടന്‍ യൂസ്റ്റണില്‍ നിന്നും മാഞ്ചസ്റ്റര്‍ പിക്കാഡിലിയിലെക്ക് 47 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ യൂസ്റ്റണില്‍ നിന്നും ക്രൂവിലേക്കും പിന്നീട് അവിടെ നിന്നും മാഞ്ചസ്റ്ററിലേക്കും ടിക്കറ്റ് എടുത്താല്‍ മൊത്തം നിരക്ക് 30.60 പൗണ്ട് മാത്രമെ വരികയുള്ളു. ഒരൊറ്റ യാത്രയ്ക്ക് നിങ്ങള്‍ ലാഭിക്കുന്നത് 16.40 പൗണ്ടായിരിക്കും.

ഇതിനായി നിങ്ങള്‍ ട്രെയിന്‍ മാറി കയറേണ്ട ആവശ്യമില്ല. നിങ്ങളുടെ ടിക്കറ്റ് സ്പ്ലിറ്റ് ചെയ്യുവാന്‍ നാഷണല്‍ റെയില്‍ അനുവദിക്കുന്നുണ്ട്. ട്രെയിന്‍പാല്‍ പോലുള്ള ചില സൈറ്റുകള്‍, അധിക ഫീസ് ഒന്നും തന്നെ ഈടാക്കാതെ നിങ്ങളുടെ ടിക്കറ്റുകള്‍ സ്പ്ലിറ്റ് ചെയ്തുതരും. അവസാനമായി, ടിക്കറ്റുകള്‍ കാലെക്കൂട്ടി ബുക്ക് ചെയ്തും നിങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ലാഭം നേടാന്‍ കഴിയും. 12 ആഴ്ച്ചകള്‍ക്ക് മുന്‍പ് വരെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. വിമാന ടിക്കറ്റുകളുടേതിന് സമാനമായി, നേരത്തെ ബുക്ക് ചെയ്താല്‍ ട്രെയിന്‍ ടിക്കറ്റിനും നിരക്ക് കുറവായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.