സ്വന്തം ലേഖകൻ: ഇസ്രയേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന് നിബിന് മാക്സ്വെല്ലാണ് (31 ) മരിച്ചത്. രണ്ടു മാസം മുന്‍പാണ് നിബിന് ഇസ്രയേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നിബിന്റെ സഹോദരന് നിവിനും ഇസ്രയേലിലാണ്.
നിബിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റയായും റിപ്പോര്‍ട്ടുണ്ട്. ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറില്‍ ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇടുക്കി സ്വദേശിയാണ് പരിക്കേറ്റ പോള്‍ മെല്വിന്. ലെബനന് ഭാഗത്തുനിന്നാണ് ഷെല്ലാക്രമണം ഉണ്ടായത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോസഫ് ജോര്‍ജ് ബെയ്ലിന്‍സണ്‍ ആശുപത്രയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം.
ഇദ്ദേഹം നാട്ടില്‍ കുടുംബത്തോട് സംസാരിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്. പോള്‍ മെല്വിന് സീവ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അക്രമണത്തിന് പിന്നില്‍ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല