1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2024

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകളും റസിഡൻസി നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുമായി യുഎഇ സർക്കാർ. എട്ട് സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയാണ് ‘വർക്ക് ബണ്ടിൽ’ പദ്ധതിയുടെ ഉദ്ദേശ്യം. പുതുക്കൽ, റദ്ദാക്കൽ, വൈദ്യപരിശോധന, വിരലടയാളം എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ സേവനങ്ങൾ പൂർത്തിയാക്കാൻ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും. സേവനം ലഭ്യമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സാധ്യമായ ഏറ്റവും കുറഞ്ഞ ഘട്ടങ്ങളിൽ ഇടപാടുകൾ പൂർത്തിയാക്കാം. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉൾപ്പെടുന്ന ഗവ. സ്ഥാപനങ്ങൾ : മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റ‌ിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് ഹെൽത്ത്.

ദുബായ് സാമ്പത്തിക–വിനോദസഞ്ചാര വകുപ്പിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസക്തമായ സ്ഥാപനങ്ങൾക്കിടയിൽ തടസ്സമില്ലാത്ത ഡാറ്റാ കൈമാറ്റം അനുവദിക്കുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും സേവനങ്ങളും പ്രദാനം ചെയ്യുന്ന ഡിജിറ്റൽ ദുബായും പദ്ധതിയെ പിന്തുണയ്ക്കുന്നു.

ആദ്യ ഘട്ടമായി ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്ഫോമിലാണ് വർക്ക് ബണ്ടിൽ നൽകുക. വരും കാലയളവിൽ മറ്റ് ഒട്ടേറെ സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും https://workinuae.ae യിലും ലഭ്യമാകാൻ പദ്ധതിയുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് ഒരു പുതിയ ജീവനക്കാരനെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികളിൽ ഏകീകൃത അപേക്ഷ പൂരിപ്പിക്കൽ, ജീവനക്കാരന് വർക്ക് പെർമിറ്റ് നൽകൽ എന്നിവ ഉൾപ്പെടുന്നു, തുടർന്ന് ജീവനക്കാരൻ നിർബന്ധമായും മെഡിക്കൽ പരിശോധനയും എമിറേറ്റ്സ് ഐഡി കാർഡും ഉൾപ്പെടെയുള്ള താമസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് തുടരണം.

സർക്കാർ മികവിനായുള്ള നിരന്തര ശ്രമത്തിന്‍റെ ഭാഗമായി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘സീറോ ബ്യൂറോക്രസി’ സംരംഭം അടുത്തിടെ ഫെഡറൽ ഗവൺമെന്‍റ‌ിനുള്ളിൽ അവതരിപ്പിച്ചിരുന്നു. ഈ കാഴ്ചപ്പാടിന് അനുസൃതമായി റസിഡൻസിയും തൊഴിലുമായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തിലാക്കാനും ലളിതമാക്കാനും കാര്യക്ഷമമാക്കാനും രൂപകൽപ്പന ചെയ്ത ഒരു പയനിയറിങ് പ്രോജക്ടായ ‘എംപ്ലോയ്‌മെന്‍റ് പാക്കേജിന്‍റെ’ ഉദ്ഘാടനം നടന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സർക്കാർ ചട്ടക്കൂടുകൾക്കുള്ളിൽ റസിഡൻസികളും തൊഴിൽ കരാറുകളും പുതുക്കുന്നതിനായി മുൻപ് നീക്കിവച്ചിരുന്ന 62 ദശലക്ഷം പ്രവൃത്തിദിനങ്ങൾ വീണ്ടെടുക്കാൻ എംപ്ലോയ്‌മെന്‍റ് പാക്കേജ് സജീകരിച്ചിരിക്കുന്നു. ഈ പദ്ധതി പ്രതിവർഷം 25 ദശലക്ഷം നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതുവഴി ഗണ്യമായ ലാഭം ലഭിക്കുമെന്നും കരുതുന്നു.

ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ വിലമതിക്കാനാവാത്ത സഹകരണത്തിന് എല്ലാ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾക്കും സർക്കാർ, സ്വകാര്യ മേഖലകൾക്കും ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വം ഉന്മൂലനം ചെയ്യാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുന്നതായും ജനങ്ങളുടെ ജീവിതം എളുപ്പവും സന്തോഷകരവുമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.