സ്വന്തം ലേഖകൻ: പൊതു തിരഞ്ഞെടുപ്പിനു മുൻപ് മുഖം മിനുക്കാൻ നാഷനൽ ഇൻഷുറൻസ് നികുതി രണ്ടു ശതമാനം കുറച്ച് ബ്രിട്ടിഷ് സർക്കാർ. മദ്യത്തിനും ഇന്ധനത്തിനും ഉൾപ്പെടെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന നികുതി വർധനകൾ ഒരു വർഷത്തേക്ക് ഒഴിവാക്കി. ചൈൽഡ് ബനഫിറ്റ് ലഭിക്കാനുള്ള മാതാപിതാക്കളുടെ വരുമാന പരിധി നിലവിലെ 50,000 പൗണ്ടിൽ നിന്നും 60,000 ആയി ഉയർത്തി.
അപ്രതീക്ഷിതമായത് ഒന്നും ഇല്ലാത്തതായിരുന്നു ചാൻസിലർ ജെറി ഹണ്ട് അവതരിപ്പിച്ച ടോറി സർക്കാരിന്റെ അവസാനത്തെ ബജറ്റ്. രണ്ടുവർഷം മുൻപ് ബോറിസ് സർക്കാർ 12 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കിയിരുന്ന നാഷനൽ ഇൻഷുറൻസ് ടാക്സ് വീണ്ടും രണ്ടു ശതമാനം കൂടി കുറച്ച് എട്ടു ശതമാനമാക്കിയതാണ് ബജറ്റിലെ ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. ശരാശരി 35,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ഒരാൾക്ക് പ്രതിവർഷം 450 പൗണ്ടിന്റെ ആശ്വാസം നികുതിയിനത്തിൽ ലഭിക്കുന്ന തീരുമാനമാണിത്. 50,000 പൗണ്ട് ശമ്പളമുള്ളവർക്ക് ഏകദേശം 750 പൗണ്ടിന്റെ നികുതിയിളവ് ലഭിക്കും.
ചൈൽഡ് ബനഫിറ്റ് ലഭിക്കുന്നതിനുള്ള ത്രഷ്ഹോൾഡ് 50,000 പൗണ്ടിൽനിന്നും 60,000 ആക്കി ഉയർത്തിയതാണ് സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുന്ന മറ്റൊരു തീരുമാനം. കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് 50,000 പൗണ്ടിൽ കൂടുതൽ ശമ്പളമുണ്ടെങ്കിൽ അവർക്കു ലഭിച്ച ചൈൽഡ് ബനഫിറ്റിന്റെ ഒരു നിശ്ചിത ശതമാനം തിരിച്ചു നൽകണമെന്നായിരുന്നു 2013 മുതൽ നിലവിലുള്ള നിയമം.
60,000 പൗണ്ടിനു മുകളിൽ ഒരാൾക്ക് ശമ്പളമുണ്ടെങ്കിൽ ചൈൽഡ് ബനഫിറ്റിന് യോഗ്യതയും ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് മാതാപിതാക്കളിൽ ഒരാളുടെ ശമ്പളം 67,714 ആയാൽ മാത്രമേ ചൈൽഡ് ബനഫിറ്റിന്റെ നിശ്ചിത ശതമാനം തിരിച്ചടയ്ക്കേണ്ട സാഹചര്യം ഉണ്ടാകൂ. 81,256 പൗണ്ട് വരെ വരുമാനമുള്ളവർക്ക് ബനഫിറ്റിന് അർഹതയുമുണ്ടാകും.
നിലവിൽ ഒന്നാമത്തെ കുട്ടിക്ക് ആഴ്ചതോറും ലഭിക്കുന്ന 24 പൗണ്ട് 25.60 പൗണ്ടായും മറ്റു കുട്ടികൾക്ക് ലഭിക്കുന്ന 15.90 പൗണ്ട് 16.95 പൗണ്ടായും ഏപ്രിൽ മുതൽ വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ചെറുകിട വ്യവസായങ്ങൾക്ക് മൂല്യവർധിത നികുതി പരിധിയിൽ ഏർപ്പെടുത്തിയ വർധനയാണ് മറ്റൊരു ആശ്വാസം. ചെറുകിട വ്യവസായങ്ങളുടെ വാറ്റ് ത്രഷ്ഹോൾഡ് 90,000 പൗണ്ടായാണ് ഉയർത്തിയത്. വെൽഫീൽഡ്, ബ്ലാക്ക്പൂൾ, ലിവർപൂൾ എന്നിവിടങ്ങളിൽ പുതുതലമുറയ്ക്കായി കൂടുതൽ വീടുകൾ പണിയും. ഇതോടൊപ്പം ലണ്ടനിലെ കാനേറി വാർഫിൽ 8000 വീടുകളും പുതിയതായി നിർമിക്കും.
എൻഎച്ച്എസിലെ ഐടി ആധുനികവൽകരണത്തിനായി വൻതുകയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 3.4 ബില്യൺ പൗണ്ട് ഇതിനായി വകയിരുത്തി. ഇതിനു പുറമെ മെഡിക്കൽ റിസേർച്ചിനായി 45 മില്യൺ പൗണ്ടും കാൻസർ റിസേർച്ചിനു മാത്രമായി മൂന്നു മില്യൺ പൗണ്ടും അനുവദിക്കും. ആശുപത്രികളിൽ ചികിൽസയ്ക്കായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം കുറയ്ക്കാൻ 2.5 ബില്യൺ പൗണ്ടിന്റെ സഹായമാണ് എൻഎച്ച്എസിന് ലഭിക്കുക.
ഇലക്ട്രോണിക് സിഗരറ്റിനും ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുമാണ് നികുതി വർധന ഏർപ്പെടുത്തിയ രണ്ടിനങ്ങൾ. പ്രോപ്പർട്ടി ക്യാപിറ്റൽ ഗെനിൽ ടാക്സ് നിലവിലെ 28 ശതമാനത്തിൽനിന്നും 24 ശതമാനമാക്കും. ഒറ്റക്രയവിക്രയത്തിൽ ഒന്നിലധികം വീടുകൾ വാങ്ങുന്നവർക്ക് ലഭിച്ചിരുന്ന സ്റ്റാംപ് ഡ്യൂട്ടി ഇളവ് (മൾട്ടിപ്പിൽ ഡ്വല്ലിംങ് റിലീഫ്) പിൻവലിച്ചു.
ബജറ്റില്‍ ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ കാര്യമായ ഇനങ്ങള്‍ ഒന്നും അധികം ഇല്ലായിരുന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ നേരെ മുന്നില്‍ ഇരുന്ന പ്രതിപക്ഷ നേതാക്കളെ വാക്കുകള്‍ കൊണ്ട് കുത്തിക്കൊണ്ടിരുന്ന ജെറമി ഹണ്ട് തികഞ്ഞ ആവേശത്തില്‍ തന്നെ ആയിരുന്നു.
ജെറമിയുടെ വാക്കുകളില്‍ പ്രകോപിതരായി പ്രൈമറി സ്‌കൂള്‍ കുട്ടികളെ പോലെ വലിയ ബഹളം കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷത്തെ വടിയെടുത്തു വരുന്ന അധ്യാപികയെ ഓര്‍മ്മിപ്പിക്കും പോലെ സഭ നിയന്ത്രിച്ച മാഡം ഡെപ്യൂട്ടി സ്പീക്കര്‍ എന്നറിയപ്പെടുന്ന് എലനോര്‍ ലൈംങിന്റെ കര്‍ക്കശ താക്കീതില്‍ അടങ്ങിയ പ്രതിപക്ഷം തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ബജറ്റില്‍ ഹണ്ട് വിവരിക്കുമ്പോഴൊക്കെ മുടക്കം കൂടാതെ ബഹളം കൂട്ടുന്ന കാഴ്ചയായിരുന്നു ഇന്നലെ പാര്‍ലിമെന്റില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല