1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2024

സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യുഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യയിലെത്തി. ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്നാണ് ഇന്ത്യ കരുതുന്നത് എന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ന്യുഡല്‍ഹിയീലെത്തിയത്.

കരാറിലെ ഏറ്റവും കടുപ്പമേറിയ,ം ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന വന്‍ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകള്‍ ഉള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ ആദ്യം ബോറിസ് ജോണ്‍സനും പിന്നീട് ലിസ് ട്രസ്സും ഏറെ ശ്രമിച്ചിരുന്നതാണ്.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സംഘം എന്നാണ് ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍, പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കേണ്ടതായി വരും. അതുകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ച അടിയന്തിരമായി വീണ്ടും തുടരാന്‍ തീരുമാനിച്ചതെന്നും വക്താവ് അറിയിച്ചു.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ വീസ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കുറച്ചു കൂടി മെച്ചപ്പെട്ട കാര്യങ്ങള്‍ നേടാമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലേബറിന്റെ ഷാഡോ ബിസിനസ്സ് സെക്രട്ടറി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനമാണ് അഭ്യുഹങ്ങള്‍ക്ക് ശക്തി വര്‍ദ്ധിപ്പിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

വീസയും സാമൂഹിക സുരക്ഷയുമാണ് ഈ കരാറിലെ ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍. കൂടുതല്‍ ഇന്ത്യാക്കാര്‍ക്ക് യു കെ വീസ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതോടൊപ്പം യു കെയില്‍ ജോലി ചെയ്യുമ്പോള്‍ നല്‍കേണ്ടുന്ന സോഷ്യല്‍ സെക്യുരിറ്റി പേയ്മെന്റുകളെ കുറിച്ചും ഇന്ത്യ ഒരു ചര്‍ച്ച ആഗ്രഹിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാര്‍ പൊതുവെ കുടിയേറ്റത്തിന് എതിരായ വികാരം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വീസ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക എന്നത് ഋഷി സുനകിന് ഏറേ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

എന്നാൽ, ബ്രിട്ടീഷ് ബിസിനസ്സ് ആന്‍ഡ് ട്രേഡ് സെക്രട്ടറി കെമി ബാഡ്നോക്കിനോട് അടുത്ത വൃത്തങ്ങളില്‍ ചിലര്‍ക്ക് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അവര്‍ കൂടുതല്‍ താത്പര്യം എടുക്കുന്നത് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ആന് രാജ്യങ്ങളുമായും വ്യാപാര കരാര്‍ ഉണ്ടാക്കുവാനാണ്. കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് ആറ് ജി സി സി രാജ്യങ്ങളിലേയും വാണിജ്യകാര്യ മന്ത്രിമാരുമായി ബേഡ്നോക്ക് അബുദാബിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.