സ്വന്തം ലേഖകൻ: വിശുദ്ധ റമസാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഖത്തറില്‍ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കാണ് ഇളവ്.
നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി ഇതുസംബന്ധിച്ച് മാര്‍ച്ച് 7 വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി. ജീവനക്കാരുടെ പുണ്യമാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ അഞ്ച് മണിക്കൂറായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക അഞ്ച് മണിക്കൂര്‍ പ്രവൃത്തിദിനം പൂര്‍ത്തിയാക്കുകയും ജോലി ആവശ്യകതകള്‍ നിറവേറ്റുകയും ചെയ്താല്‍ ജീവനക്കാര്‍ക്ക് തൊട്ടടുത്ത ദിവസം രാവിലെ 10 വരെ വൈകി ഹാജരാകാമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. നോമ്പ് അനുഷ്ടിക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ഇളവ് ബാധകമായിരിക്കും.
വ്രതമാസത്തില്‍, ആകെ ജീവനക്കാരില്‍ 30 ശതമാനം പേര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കാവുന്നതാണ്. വിദൂര ജോലി സാധ്യമാക്കുന്ന ഒരു റിമോട്ട് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കും. ഖത്തറിലെ അമ്മമാര്‍ക്കും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ തൊഴില്‍ ആവശ്യകതകളെ ബാധിക്കാതെ തന്നെ ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും സര്‍ക്കലുലര്‍ നിര്‍ദേശിക്കുന്നു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയവും (ങീജഒ) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും നിര്‍ണയിക്കും. സേവന ആവശ്യകതകളും പൊതുജന സൗകര്യവും മറ്റും വിലയിരുത്തിയാണ് പ്രവൃത്തി സമയം ക്രമപ്പെടുത്തേണ്ടത്. മുഴുവന്‍ സമയ ജോലി ആവശ്യമുള്ള മേഖലകളില്‍ റമസാന്‍ മാസത്തില്‍ അനുയോജ്യമായ ഷിഫ്റ്റ് ക്രമീകരണങ്ങളുണ്ടാവും.
റമസാന്‍ പ്രമാണിച്ച് യുഎഇയിലും ഒമാനിലും ജോലി സമയം കുറച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളിലും പൊതുമേഖലയ്ക്ക് പുറമേ സ്വകാര്യ മേഖലയിലും പ്രവര്‍ത്തിസമയത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയില്‍ ജോലി സമയം ഒരു ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ആണ് കുറച്ചത്. അനുയോജ്യ ജോലി സമയവും വിദൂരജോലിയും തെരഞ്ഞെടുക്കാനും അവസരം നല്‍കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴിലിന്റെ സ്വഭാവത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് ഷെഡ്യൂളുകള്‍ നിശ്ചയിച്ച് ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കാവുന്നതാണ്.
ഒമാനില്‍ റമസാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം പ്രതിദിനം ആറ് മണിക്കൂറോ ആഴ്ചയില്‍ മുപ്പത് മണിക്കൂറോ ആയി നിജപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലയില്‍ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും. 50 ശതമാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം അനുവദിക്കാം.
ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 12 ചൊവ്വാഴ്ച റമസാന്‍ ഒന്ന് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മാസപ്പിറവി കണ്ടശേഷം ദിവസം നിശ്ചയിക്കുന്ന ചന്ദ്രദര്‍ശന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ തീയതി അധികൃതര്‍ പ്രഖ്യാപിക്കും. ഇതുപ്രകാരം ഒരു ദിവസത്തെ വ്യത്യാസം വരാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല