സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്തമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ ചേർന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പ്രവാസി വിഷയങ്ങളിൽ കഴിഞ്ഞ മാസം കെഎംസിസി നടത്തിയ ഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ച ഇന്ത്യാ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രാ കൂലി വര്‍ധന നിയന്ത്രിക്കാന്‍ മാറിവരുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ ഭേദമന്യേ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നത്.
നിയമ പോരാട്ടങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലുകളും അനിവാര്യമാണെന്ന് കേരള ബാർ കൗൺസിൽ അംഗം അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. എംപിമാരായ കെ.മുരളീധരന്, അഡ്വ.എ.എ.റഹിം, ആന്റോ ആന്റണി എന്നിവര്‍ അംഗങ്ങളായ പാര്‍ലിമെന്ററി സബ് കമ്മിറ്റി തയാറാക്കിയ പഠന റിപ്പോര്‍ട്ട് സമർപ്പിച്ചെങ്കിലും അതു ചര്‍ച്ച ചെയ്യാനോ മറ്റു നടപടികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രശ്നപരിഹാരത്തിനുള്ള നിർദേശം അടങ്ങിയ ആ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സംയുക്ത പ്രവാസി സംഘടനകളുടെ സമ്മർദം ഉണ്ടാകണമെന്നും പറഞ്ഞു. നിലവിലെ നയം മാറ്റി വിമാനയാത്രാകൂലി അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കൂടുതല്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
പ്രവാസി വോട്ടവകാശം, എൻആർഐ വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ലക്ഷ്യത്തിൽ എത്തുംവരെ മുന്നില്‍നിന്ന് നയിക്കാന്‍ അബുദാബി കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു. പി.ബാവഹാജി (ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), എം.യുഇർഷാദ് (അബുദാബി മലയാളി സമാജം), സഫറുല്ല പാലപ്പെട്ടി (കേരള സോഷ്യൽ സെന്റർ), യേശുശീലൻ (ഇൻകാസ്) തുടങ്ങി മുപ്പതോളം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല