സ്വന്തം ലേഖകൻ: വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന ബംഗളൂരുവിൽ പത്ത് ലക്ഷത്തിലേറെയും മലയാളികളാണ്. കൃത്യമായി മഴ ലഭിക്കാത്തതോടെ ഭൂഗർഭജലം കുറഞ്ഞു, കുഴൽകിണറുകൾ വറ്റിവരണ്ടു, ജലവിതരണം തടസപ്പെട്ടു… ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായി ബംഗളൂരു ജനത വെള്ളത്തിനായി നീണ്ട ക്യൂകളിൽ അക്ഷമരായി നിൽക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജല പ്രതിസന്ധിക്കാണ് ബംഗളൂരു സാക്ഷ്യം വഹിക്കുന്നത്.
നിലവിൽ പ്രതിദിനം 1850 മില്യൺ ലിറ്റർ വെള്ളമാണ് ബംഗളൂരു നിവാസികൾക്കുള്ളത്. എന്നാൽ 1680 മില്യൺ ലിറ്റർ വെള്ളം അധികമായി വേണ്ടതുണ്ട്. ബംഗളൂരുവിൽ, കുടിക്കാനും കുളിക്കാനും മാത്രമല്ല, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും നിലവിൽ വെള്ളമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ശുദ്ധജലം പാഴാക്കുന്നവരിൽ നിന്ന് 5000 രൂപയുടെ ഭീമൻതുക പിഴയായി ഈടാക്കുകയാണ് ബംഗളൂരു വൈറ്റ്ഫീൽഡിലെ ഹൗസിംഗ് സൊസൈറ്റി.
ബംഗളൂരു ജലക്ഷാമത്തിൽ വലയുകയാണ് നമ്മുടെ മലയാളി ടെക്കികളും. വെള്ളമില്ലാതെ 12 മുതൽ 18 മണിക്കൂർ വരെ പിടിച്ചു നിൽക്കേണ്ടി വരുന്നതിന്റെ ഭീകരാവസ്ഥ കൊച്ചി സ്വദേശിയും സോഫ്‌റ്റ്വെയർ എഞ്ചിനിയറുമായ ഫയസ് മുഹമ്മദ് സലിം ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമുമായി പങ്കുവച്ചു. ഇടവിട്ട ദിവസങ്ങളിലെത്തുന്ന ടാങ്കർ വെള്ളമാണ് ഇവരുടെ ആശ്രയം. അന്ന് ലഭിക്കുന്ന വെള്ളം പിടിച്ചുവച്ച്, പിശുക്കി ഉപയോഗിച്ചാണ് അടുത്ത തവണ വെള്ളം വരുന്നത് വരെ കഴിഞ്ഞുപോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല