സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോർത്ത് സർക്കുലാർ എം-25 മോട്ടർ വേ ഈ വാരാന്ത്യത്തിൽ അടയ്ക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനൽ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷൻ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നത്.
ഇത് ആദ്യമായാണ് എം.-25 മോട്ടർവേയിലെ ഗതാഗതം ഇരുവശങ്ങളിലേക്കും പൂർണമായും നിയന്ത്രിക്കുന്നത്. മൂന്നു ദിവസംകൊണ്ട് 200,000 വാഹനങ്ങളെ നിയന്ത്രണം ബാധിച്ചേക്കുമെന്നാണ് ഏകദേശ കണക്ക്. ഗാട്ട്വിക്ക്, ഹീത്രൂ, വിമാനത്താവളങ്ങളിലേക്കും ചാനൽ പോർട്ടിലേക്കുമുള്ള യാത്രക്കാരെ ഗതാഗത നിയന്ത്രണം വലയ്ക്കും. വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലണ്ടനിലേക്കുള്ള യാത്രകളെയും നനിയന്ത്രണം ബാധിക്കും.
വൈസ്ലിയ്ക്കും ചേർട്സിക്കുമിടയിലുള്ള തകരാറിലായ പാലത്തിൽ പുതിയ ബീമുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് ഗതാഗത നിയന്ത്രണം. സെപ്റ്റംബറിനുള്ളിൽ സമാനമായ രീതിയിൽ നാലു തവണകൂടിയെങ്കിലും ഇതിനായി വാരാന്ത്യ ഗതാഗത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 317 മില്യൻ പൗണ്ടിന്റെ മെഗാ പ്രോജക്ടാണ് മോട്ടർവേയിലെ തകരാറിലായ പാലം മാറ്റിസ്ഥാപിക്കാനായുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല