സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന എന്‍ എച്ച് എസ്സ് നഴ്സുമാരുടെ എണ്ണം, കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ അഞ്ചിരട്ടിയായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പറയുന്നു. കഴിഞ്ഞ വര്‍ഷം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇത്തരത്തിലുള്ള 10,282 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. 2019-ല്‍ ഇത് വെറും 2,165 ആയിരുന്നു.
2018- ല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. 2023- 24 -ല്‍ ഇത് പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ മാത്രം 8,959 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനില്‍ ഒരു റെജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്തു എന്ന് വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും അധികൃതര്‍ക്കും മുന്പില് തെളിയിക്കുന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ്. കൂടുതല്‍ പേര് വിദേശങ്ങളിലേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ആശുപത്രികളില്‍ മാത്രം 40,000 ഓളം നഴ്സുമാരുടെ ഒഴിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് പല ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂല്മായി ബാധിക്കുന്നുമുണ്ട്.
ആഗോളതലത്തിലുള്ള മത്സരത്തില്‍ എന്‍ എച്ച് എസ് പരാജയം അനുഭവിക്കുകയാണെന്നും അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് രോഗികളാണെന്നും ആര് സി എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കല്ലന് പറഞ്ഞു. ഉയര്‍ന്ന വേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ലഭിക്കുമ്പോള്‍ എന്‍ എച്ച് എസ് നഴ്സുമാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതില്‍ അത്ഭുതമില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഴ്സിംഗ് മേഖലയിലെ തൊഴിലാളി പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടയില്‍ ആരോഗ്യ പരിപാലന രംഗത്ത് ബ്രിട്ടന് മറ്റ് സമ്പന്ന രാജ്യങ്ങളേക്കാള്‍ ഏറെ പുറകിലാണെന്ന ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട് രോഗികള്‍ക്ക് ആനുപാതികമായി നഴ്സുമാരുടെ എണ്ണം മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ ഏറ്റവും കുറവാണ് ബ്രിട്ടനിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, 2021-ല്‍ 36 രാജ്യങ്ങളില്‍, നാഷണല്‍ ശരാശരിയേക്കാള്‍ കുറവ് ശമ്പളം നഴ്സുമാര്‍ക്ക് നല്കുന്ന നാല് രാജ്യങ്ങളില്‍ ഒന്നുമായിരുന്നു ബ്രിട്ടന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല