സ്വന്തം ലേഖകൻ: വിവാദ പൗരത്വനിയമഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി.
അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യുഎൻ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. നിയമം അന്താരാഷ്ട്ര തലത്തിൽ രാജ്യം പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. നിയമം ഏത് രീതിയിൽ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണ്. മതവിസ്വാന്ത്ര്യത്തിനുള്ള അവകാശവും എല്ലാ സമുദായത്തിൽപ്പെട്ടവർക്ക് തുല്യപരിഗണന നൽകുന്നതും അടിസ്ഥാന ജനാധിപത്വ തത്വങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങൾ കേന്ദ്രം തിങ്കളാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്ലിമിതര അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമഭേദഗതി 2019-ലാണ് പാർലമെന്റ് പാസാക്കിയത്.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തിൽനിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല