സ്വന്തം ലേഖകൻ: ഒമാനിൽനിന്ന് റിയാദ്, അബൂദബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾക്ക് സ്വീകാര്യത വർധിക്കുന്നതു കണക്കിലെടുത്ത് മസ്കത്തിൽനിന്ന് ഖത്തറിലേക്കും ബഹ്റൈനിലേക്കും സർവിസുകൾ ആരംഭിക്കാൻ ബസ് കമ്പനികൾ തയാറെടുക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലേക്കും വേനൽക്കാല സർവിസുകൾ നടത്താനാണ് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് പ്രമുഖ ബസ് സർവിസായ ഖൻജരി ട്രാൻസ്പോർട്ട് അധികൃതർ പറഞ്ഞു.
ഖരീഫ് കാലത്ത് സലാല ബഹ്റൈൻ ബസ് സർവിസും ദമാം മസ്കത്ത് സർവിസും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഒമാനിലെ പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് അബൂദബി, ഷാർജ എന്നിവിടങ്ങളിലേക്ക് അടുത്തിടെ സർവിസുകൾ ആരംഭിച്ചിരുന്നു.
മസ്കത്ത്-ദുബൈ സർവിസുകൾ ആരംഭിക്കാൻ ഖൻജരിക്ക് 1999ൽ തന്നെ ഗതാഗത വാർത്ത വിനിമയ വിവര സങ്കേതിക മന്ത്രാലയം ലൈസൻസ് നൽകിയിരുന്നു. ഇപ്പോൾ മസ്കത്തിൽനിന്ന് ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും സലാലയിൽ നിന്ന് ബഹ്റൈനിലേക്കും സർവിസ് നടത്താൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മസ്കത്തിൽനിന്ന് റിയാദിലേക്കുള്ള ബസ് സർവിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. എല്ലാദിവസവും രാവിലെ ആറു മണിക്കാണ് ബസ് പുറപ്പെടുന്നത്.
സൗദി അറേബ്യയിൽ ഉംറക്കും മറ്റും പോകുന്നവർ ഈ സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സർവിസ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഉംറ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രാവൽ ഏജന്റുകളെയോ ഉംറ ഗ്രൂപ്പുകളെയോ ആശ്രയിക്കാതെ തങ്ങളുടെ സൗകര്യം അനുസരിച്ച് യാത്ര നടത്താൻ ഈ സർവിസ് സഹായകമാവും.
മസ്കത്തിൽനിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകൾ താരതമ്യേന കൂടുതലായതും കൂടുതൽ പേരെ ബസിലേക്ക് ആകർഷിക്കുന്നുണ്ട്. കര വഴി യാത്ര ചെയ്യാൻ താൽപര്യം കാണിക്കുന്നവരും നിരവധിയാണ്. നിലവിൽ ജി. സി.സി രാജ്യങ്ങൾ വിസ നിയമങ്ങളിൽ ഇളവ് വരുത്തിയതും ഏതെങ്കിലൂം ജി.സി.സി രാജ്യത്ത് റസിഡന്റ് വിസ ഉള്ളവർക്ക് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് വിസ അനുവദിക്കുന്നതും ബസ് സർവിസുകൾക്ക് സ്വീകാര്യത വർധിപ്പിക്കാൻ കാരണമാക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഇ- വിസ സൗകര്യവും അമേരിക്കൻ വിസ ഉള്ളവർക്ക് ഓൺ അറൈവൽ വിസയും ലഭിക്കുന്നുണ്ട്.
മസ്കത്തിൽനിന്ന് എംറ്റി ക്വാർട്ടർ വഴിയാണ് ബസുകൾ സഞ്ചരിക്കുന്നത്. മസ്കത്തിൽ നിന്ന് പുറപ്പെട്ടാൽ 20 മണിക്കുറിനുള്ളിൽ റിയാദിൽ എത്താനാവും. നിലവിൽ വൺവേക്ക് 25 റിയാലാണ് നിരക്ക്. വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് ഇതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ നൽകേണ്ടി വരും. ഒമാൻ സൗദി റൂട്ടിൽ എംറ്റി ക്വാർട്ടറിലൂടെയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് 53,000 പേരാണ് ഉംറ യാത്ര നടത്തിയത്. ഇതിൽ 14,000 പേരും എംറ്റി ക്വാർട്ടർ വഴിയാണ് ഉംറക്ക് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല