സ്വന്തം ലേഖകൻ: ലോക സദസ്സുകളില്‍ മനുഷ്യാവകാശവും മാനവികതയുമൊക്കെ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന ബ്രിട്ടനില്‍ കുടിയേറ്റ തൊഴിലാളികള്‍ അടിമത്തത്തിന് സമാനമായ സാഹചര്യം അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. കെയറര്‍മാര്‍ ആയി ജോലിചെയ്യുന്ന ചില കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം മണിക്കൂറില്‍ 5 പൗണ്ടില്‍ താഴെയാണ്. ധനികരുടെ വീടുകളില്‍ വീട്ടുജോലിക്കായി എത്തുന്നവരില്‍ പലര്‍ക്കും ശമ്പളം പോലും ലഭിക്കാറില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വീസ ചട്ടങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിലാണ് ഈ വസ്തുതകള്‍ പുറത്തു വന്നത്.
ഈ വിഷയത്തില്‍ പഠനം നടത്തിയ വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്. സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും അതുപോലെ വീട്ടു ജോലിക്കാര്‍ക്കുമുള്ള ഹ്രസ്വകാല വീസ റൂട്ടുകള്‍ക്ക് ആയുള്ള ചട്ടങ്ങളില്‍ പലതും കുടിയേറ്റക്കാരെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്ന രീതിയില്‍ ഉള്ളതാണ് എന്നാണ്. അവരെ ആധുനിക അടിമത്തത്തിന് കീഴിലാക്കുകയാണ് ഈ ചട്ടങ്ങള്‍ എന്നും അവര്‍ പറയുന്നു.ബ്രിട്ടനിലേക്ക് കൊണ്ടു വന്ന ചില കാര്‍ഷിക തൊഴിലാളികള്‍ പരസ്യമായി പീഢനങ്ങള്‍ക്ക് ഇരയാകുന്നതായും വേതനം ലഭിക്കാതിരിക്കുന്നതായും ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും ഇന്‍ഡിപെന്‍ഡന്റ് പത്രവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
യു കെയില്‍ കെയര്‍ വര്ക്കാര്മായി ജോലി ചെയ്യുന്ന 15 പേരുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തായിരുന്നു പഠനം നടത്തിയത്. ഫിലിപ്പൈന്‍സില്‍ നിന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു ഇവര്‍. അതില്‍ അഞ്ചുപേര്‍ അവരുടെ വീസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തുടരുന്നവരായിരുന്നു. ഇപ്പോള്‍ തികഞ്ഞ ചൂഷണങ്ങള്‍ക്ക് വിധേയരായാണ് അവര്‍ ജോലി ചെയ്യുന്നത്. അതില്‍ രണ്ടു പേര്‍ക്ക് മണിക്കൂറില്‍ 5 പൗണ്ടില്‍ താഴെ മാത്രം നല്കുമ്പോള് ഒരാള്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 3 പൗണ്ട് മാത്രവും. മാത്രമല്ല, താമസസൗകര്യത്തിനുള്ള വാടക് ഇതില്‍ നിന്നും പിടിക്കുകയും ചെയ്യും.
കുവൈത്ത് സ്വദേശിയായ ഒരു തൊഴിലുടമ, തന്റെ ഒരു കുടുംബാംഗത്തെ നോക്കാനായി ബ്രിട്ടനിലേക്ക് കൊണ്ടുവന്ന വീട്ടു ജോലിക്കാരിക്ക് ഇതുവരെ ശമ്പളമായി ലഭിച്ചത് വെറും 20 പൗണ്ട് മാത്രമാണ്. അതിനുപുറമെ ലണ്ടനില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരിക്കല്‍ 10 പൗണ്ടും നല്കിയത്രെ. സമാനമായ രീതിയില്‍ ഡൊമസ്റ്റിക് വര്‍ക്കര്‍ വീസയില്‍, ഒരു ഹോങ്കോംഗ് സ്വദേശിയുടെ വീട്ടില്‍ ജോലിക്ക് നില്ക്കുന്ന സ്ത്രീക്ക് ആണെങ്കില്‍ ഇതുവരെ ശമ്പളം നല്കിയിട്ടു പോലുമില്ല.
ഇന്റര്‍വ്യു ചെയ്തവരില്‍ ഏഴ് പേര്‍ക്ക് നാഷണല്‍ മിനിമം വേജിനേക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നത്. അതില്‍ നാലു പേര് സ്വകാര്യ വീടുകളില്‍ ജോലി ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ഹോസ്പിറ്റല്‍ പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അതില്‍ ഒരു കെയര്‍ വര്‍ക്കര്‍ പറഞ്ഞത് പല ദിവസങ്ങളിലും 15 വീടുകളിലേക്ക് വരെ അയയ്ക്കാറുണ്ട് എന്നാണ്. ഇതില്‍ യാത്രാ സമയം ജോലി സമയമായി കണക്കാക്കില്ല എന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ആ സമയത്തെ വേതനം ലഭിക്കില്ല.
ഒരു വീടില് വെറും 45 മിനിറ്റ് നേരത്തെ ജോലി എന്ന കണക്കിലാണത്രെ വേതനം ലഭിക്കുന്നത്. അതില്‍ വസ്ത്രം അലക്കുക, പാത്രങ്ങള്‍ കഴുകുക, ഭക്ഷണം പാചകം ചെയ്യുക തുടങ്ങി നിരവധി പണികള്‍ ഉള്‍പ്പെടും. അതിനുപുറമെ കുടിയേറ്റക്കാരോട് തൊഴിലുടമകള്‍ വംശീയ വിവേചനം കാണിക്കുന്നതായും അവരെ അവഹേളിക്കുകയും പലപ്പോഴും ഉപദ്രവിക്കുകയും ചെയ്യുന്നതായും യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോള്‍, ലെസ്റ്റര്‍, ലണ്ടന്‍, യോര്‍ക്ക്, ഡുറം എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല