സ്വന്തം ലേഖകൻ: ലോകത്തെ സോഷ്യല്‍ മീഡിയാ രംഗത്തെ മുഴുവന്‍ വിറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ടിക് ടോക്കിന്റെ നില എല്ലായിടത്തും പരുങ്ങുലിലാണ്. മെറ്റ, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ സോഷ്യല്‍ മീഡിയാ ഭീമന്മാരെ പിടിച്ചുലച്ച് ആഗോള തലത്തില്‍ സ്വീകാര്യത നേടിയെടുത്ത ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. എന്നാല്‍ ടിക് ടോക്കിന്റെ ചൈനീസ് ബന്ധം ആഗോള തലത്തില്‍ അതിന്റെ നിലനില്‍പ്പ് പരുങ്ങലിലാക്കുകയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച യുഎസ് പ്രതിനിധി സഭ പാസാക്കിയ പുതിയ ബില്ല് ടിക് ടോക്കിന്റെ യുഎസ് വിപണിയിലെ വിധി പ്രഖ്യാപിച്ചിരിക്കുന്നു. ആറ് മാസത്തിനുള്ളില്‍ ടിക് ടോക്കിന്റെ യുഎസിലെ ആസ്തികള്‍ മറ്റൊരു സ്ഥാപനത്തിന് വിറ്റഴിച്ച് ചൈനീസ് ഉടമസ്ഥതയില്‍ നിന്ന് പൂര്‍ണമായും മാറുക. അല്ലെങ്കില്‍ രാജ്യവ്യാപക നിരോധനം നേരിടുക. യുഎസിലെ പുതിയ ബില്ല് ടിക് ടോക്കിന് രാജ്യത്തിന് പുറത്തേക്കുള്ള വാതില്‍ തുറന്നിടുകയാണ്.
പ്രധാനമായും ചൈനയുമായുള്ള യുഎസിന്റെ ബന്ധം അത്ര നല്ലതല്ല എന്നത് തന്നെയാണ് അതിന് കാരണം. ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയിലെ കമ്പനികള്‍ക്ക് ഒരിക്കലും ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണ പരിധിയില്‍ നിന്ന് പുറത്തുപോവാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യമെങ്കില്‍ ചൈനയുടെ ഭരണകൂട താല്പര്യങ്ങള്ക്കനുസരിച്ച് അവിടുത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ അവര്‍ പ്രയോജനപ്പെടുത്താനാവും.
ഇതിനകം ചൈനീസ് ഹാക്കര്‍മാരുടെ നിരന്തര സൈബറാക്രമണ ഭീഷണി നിരന്തരം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചൈന സജീവമായി രഹസ്യ നിരീക്ഷണം നടത്തുന്നുമുണ്ട്. ഇതേ ആശങ്ക മുന്‍നിര്‍ത്തി തന്നെയാണ് ടിക് ടോക്ക് ഉള്‍പ്പടെ നൂറ് കണക്കിന് ആപ്പുകളും വെബ്സൈറ്റുകളും ഇന്ത്യ വിലക്കിയത്.
2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജനപ്രതിനിധികള്‍ ടിക് ടോക്ക് നിരോധനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ടിക് ടോക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളിലൂടെ ചൈന തിരഞ്ഞെടുപ്പില്‍ ഇടപെട്ടേക്കുമെന്നും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചേക്കുമെന്നുമുള്ള ആശങ്കയുണ്ട്. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്രില്‍ ഹെയ്ന്‍സ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബൈറ്റ്ഡാന്‍സ്. ഒരു ചൈനീസ് കമ്പനിയെ യുഎസിലെ സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് യുഎസ് ജനപ്രതിനിധികള്‍ പറയുന്നത്. യുഎസില്‍ സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍ തമ്മിലുള്ള അന്തരം പ്രകടമാണ്. അവയെ വേര്‍തിരിക്കാന്‍ എളുപ്പം സാധിക്കും. എന്നാല്‍ ചൈനയില്‍ അങ്ങനെ ഒരു വേര്‍തിരിവിന് ഇടമില്ലെന്നും എല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിധേയരാണെന്നും യുഎസ് ആരോപിക്കുന്നു.
‘പ്രൊട്ടക്റ്റിങ് അമേരിക്കന്‍സ് ഫ്രം ഫോറിന് അഡ് വേഴ്സറി കണ്ട്രോള്ഡ് ആപ്ലിക്കേഷന്‍സ് ആക്ട്’ എന്നാണ് ബില്ലിന് പേര്. വിദേശ ഉടമസ്ഥതയിലുള്ള ആപ്പുകള്‍ ഉയര്‍ത്തുന്ന രാജ്യ സുരക്ഷാ പ്രശ്നങ്ങൾ നേരിടുകയാണ് നിയമനിർമാണം ലക്ഷ്യമിടുന്നത്. അതായത് ബൈറ്റ്ഡാൻസ് ഉൾപ്പടെ ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് സേവനങ്ങളും റഷ്യ പോലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആപ്പുകളും ഈ നിയമത്തിൻ കീഴിൽ വന്നേക്കും.
435 വോട്ടിങ് അംഗങ്ങളുള്ള യുഎസ് ജനപ്രതിനിധി സഭയിൽ 65 നെതിരെ 352 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. 219 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിഭാഗം പേരും ബില്ലിനെ പിന്തുണച്ചു. ബാക്കിയുള്ളവർ ഡെമോക്രാറ്റുകളാണ്. തന്റെ മേശയില്‍ ബില്‍ എത്തിയാല്‍ അതില്‍ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. 2022 ല്‍ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക് ടോക്ക് നിരോധിക്കുന്നതിന് അദ്ദേഹം അനുമതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ചൈനയോട് മമത കാണിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും താല്പര്യപ്പെടുന്നില്ല. മാത്രവുമല്ല രാജ്യ സുരക്ഷ സംബന്ധിച്ച ബില്‍ കൂടിയാണിത്. ടിക് ടോക്ക് യുഎസില്‍ പ്രചാരം നേടിയ കാലം തൊട്ട് ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരെ രംഗത്തുണ്ട്. യുഎസിലെ യുവാക്കള്‍ക്കിടയിലാണ് ടിക് ടോക്കിന് സ്വീകാര്യത ഏറെയുള്ളത്. ഇതിനാല്‍ തന്നെ ഈ നിരോധനത്തില്‍ യുവാക്കള്‍ക്കിടയില്‍ അഭിപ്രായ വെത്യാസമുണ്ട്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളില്‍ വോട്ടെടുപ്പിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് ബില്ലിനെ എതിര്‍ത്തവരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല