സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ രണ്ടു വർഷങ്ങളിലായി രണ്ടായിരത്തോളം വ്യാജ നിയമനങ്ങളാണ് കണ്ടെത്തിയത്. നിയമവിരുദ്ധ നടപടിക്ക് തുനിഞ്ഞ കമ്പനികൾക്കെതിരെ കർശന ശിക്ഷ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
1202 സ്വകാര്യ കമ്പനികളാണ് വ്യാജ നിയമനം നടത്തി സ്വദേശിവത്കരണ മാനദണ്ഡം അട്ടിമറിക്കാൻ ശ്രമിച്ചത്. ഈ സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം മുതൽ ലക്ഷം ദിർഹം വരെ പിഴയിടുമെന്ന് യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങളുടെ തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്ന സ്വദേശികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുന്നതും നടപടിയിൽ ഉൾപ്പെടും.
നിലവിൽ രാജ്യത്ത് 95,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ഇരുപതിനായിരത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണ നിയമം പാലിച്ചതായും മന്ത്രാലയം അറിയിച്ചു. 50ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ കഴിഞ്ഞ വർഷം മുതൽ രണ്ടുശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല