സ്വന്തം ലേഖകൻ: എക്സ്റ്ററില്‍ 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്.
വേദന കൊണ്ട് വൃദ്ധന് കരഞ്ഞെങ്കിലും ജിനു പിടിവിട്ടില്ല. നാല് മിനിറ്റോളം ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ വൃദ്ധന്റെ കാലുകളിലെ മുറിപ്പാടുകളില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മുറിയില്‍ ക്യാമറ സ്ഥാപിച്ചു. ഇതില്‍ കുടുങ്ങിയതോടെയാണ് മലയാളി കെയററുടെ ക്രൂരത പുറംലോകം അറിഞ്ഞത്.
തന്റെ 38 വര്‍ഷത്തെ കെയര്‍ മേഖലയിലെ ജോലിക്കിടെ ഇത്തരമൊരു ക്രൂരത കണ്ടിട്ടില്ലെന്നാണ് ഹോമിലെ മാനേജര്‍ വീഡിയോ കണ്ടതിന് ശേഷം പ്രതികരിച്ചത്. ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ ജിനു ഷാജി നാട്ടിലേക്ക് പറന്നു, മൂന്ന് മാസം ഇവിടെ തുടര്‍ന്നു. എന്നാല്‍ യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ജിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എക്സ്റ്റര്‍ ക്രൗണ്‍ കോടതി ജിനുവിന്റെ ക്രൂരതകള്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. കെയര്‍ ഹോം ഇപ്പോള്‍ വില്‍ക്കുകയും, പുതിയ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മുത്തശ്ശന്റെ കരച്ചില് തങ്ങളെ ഇപ്പോഴും മാനസികമായി ബുദ്ധിമുട്ടിക്കാറുണ്ടെന്ന് ഇരയുടെ ബന്ധുക്കള്‍ കോടതിയില്‍ വ്യക്തമാക്കി.
ക്യാമറ ഘടിപ്പിച്ചതായി അറിഞ്ഞിട്ടും ജിനു ഷാജി ഈ ക്രൂരത ചെയ്യാന്‍ മടിച്ചില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ലാംഗ്ഫോര്‍ഡ് പാര്‍ക്കിലെ മറ്റ് കെയറര്‍മാര്‍ കഠിനാധ്വാനം ചെയ്യുന്നവരാണെങ്കിലും ജിനുവിന്റെ പരിചരണമാണ് മുത്തശ്ശന്റെ മരണം വേഗത്തിലാക്കിയതെന്നാണ് കുടുംബം കരുതുന്നത്.
ഷിഫ്റ്റ് പാറ്റേണ്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു ജിനുവെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ വര്‍ക്ക് വീസയെ ബാധിക്കുമെന്ന് ഭയന്ന് ഇതേക്കുറിച്ച് പരാതി പറയാന്‍ ഭയന്നിരുന്നു. ഈ സമയത്ത് സംഭവിച്ച പ്രവൃത്തികളില്‍ നാണക്കേടുണ്ടെന്ന് ജിനു സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല