സ്വന്തം ലേഖകൻ: അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.
അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകി നാല് തരം ഫെയറുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. അതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള സമയത്തിൽ മാറ്റം. മസ്കത്തിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും.
കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്കത്തിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല