സ്വന്തം ലേഖകൻ: രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനം വരെ കൗൺസിൽ നികുതി വർധനയുമായി ലോക്കൽ കൗൺസിലുകൾ. ഇതോടെ കൗൺസിൽ ടാക്സിൽ ഓരോ മാസവും ശരാശരി അമ്പതു മുതൽ നൂറു പൗണ്ടുവരെ വർധനയാണ് ബ്രിട്ടനിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. നൈംദിന ചെലവുകളിലുണ്ടാകുന്ന വർധനയ്ക്ക് പുറമെ ബ്രിട്ടനിൽ കൗൺസിൽ ടാക്സിലെ ഈ വർധനയും വരുന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കും.
സാമൂഹ്യസേവന മേഖലയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളുള്ള കൗൺസിലുകൾ 4.99 ശതമാനവും അല്ലാത്തവ 2.99 ശതമാനവുമാണ് ടാക്സ് വർധിപ്പിച്ചത്. കൌണ്ടി കൗൺസിൽ നെറ്റ്വർക്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ 75 ശതമാനം കൗൺസിലുകളും ഇക്കുറി ജനഹിത പരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നിരക്കിൽ ടാക്സ് വർധിപ്പിച്ചു. മൂന്നു കിടപ്പുമുറിയുള്ള സാധാരണ ഡി-ബാൻഡ് വീടിന് 2,065 പൗണ്ടാണ് പുതിയ കൗൺസിൽ ടാക്സ്.
വലിയ കടക്കെണിയിലായ ബർമിങ്ഹാം സിറ്റി കൗൺസിൽ വരുന്ന രണ്ടുവർഷംകൊണ്ട് 21 ശതമാനം വർധനയാണ് കൗൺസിൽ ടാക്സിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം സ്വയം പാപ്പരായി പ്രഖ്യാപിച്ച കൗൺസിലുകളായ വോക്കിങ് ബറോ കൗൺസിൽ പത്തുശതമാനവും സ്ലോ കൗൺസിൽ എട്ടുശതമാനവും വർധനയാണ് കൗൺസിൽ ടാക്സിൽ വരുത്തുന്നത്. വെയിൽസിലെ പെബ്രോക്ഷെയർ കൗൺസിൽ 16 ശതമാനം വർധനയും പ്രഖ്യാപിച്ചു. നോർത്തേൺ അയർലൻഡിലും മിക്കവാറും കൗൺസിലുകൾ ടാക്സ് വർധിപ്പിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിൽ മാത്രമാണ് 2025 വരെ കൗൺസിൽ ടാക്സിൽ വർധന ഇല്ലാത്തത്.
റബിഷ് കളക്ഷൻ, സ്ര്ടീറ്റ് ലൈറ്റ്, ലൈബ്രറി, പൊലീസ്, ഫയർ സർവീസ്, യൂത്ത്ക്ലബ്ബ്, പാർക്കുകൾ, റിക്രിയേഷൻ സംവിധാനങ്ങൾ എന്നിവയ്ക്കെല്ലാമായി പ്രാദേശിക ഭരണകൂടത്തിന് നൽകുന്ന നികുതിയാണ് കൗൺസിൽ ടാക്സ്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലെ എല്ലാ വീടുകൾക്കും ഇത് നൽകണം. 18 വയസ് പൂർത്തിയായവർ സ്വന്തം വീടുള്ളവരോ വാടകയ്ക്ക് താമസിക്കുന്നവരോ ആണെങ്കിൽ കൗൺസിൽ ടാക്സ് നൽകണം. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഇതിൽ 25 ശതമാനം ഇളവുണ്ട്.
വിദ്യാർഥികൾ മാത്രം താമസിക്കുന്ന വീടാണെങ്കിലും ടാക്സ് നൽകേണ്ടതില്ല. ഭിന്നശേഷിക്കാർക്കും ഇളവുണ്ട്. സാധാരണ കൗൺസിലുകൾ 10 മാസത്തെ തുല്യ ഗഡുക്കളായാണ് ഈ കരം പിരിക്കുന്നത്. പന്ത്രണ്ട് തവണയാക്കാനും മൊത്തമായി ഒരുമിച്ച് അടയ്ക്കാനും വ്യവസ്ഥയുണ്ട്. വീടിന്റെ വലിപ്പം, വില എന്നിവ അനുസരിച്ചുള്ള വിവിധ ബാൻഡിന് വ്യത്യസ്ത നിരക്കിലാണ് നികുതി. വീടിന്റെ വില കൂടുന്നതനുസരിച്ച് നികുതിയും കൂടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല