സ്വന്തം ലേഖകൻ: ജര്‍മനിയില്‍ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്നതായി മുന്‍നിര ജർമന്‍ കമ്പനികള്‍ ഭയപ്പെടുന്നു. വ്യാവസായിക ഉല്‍പ്പാദനം, പ്ലാന്റ് എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഓട്ടോമോട്ടീവ് വ്യവസായം എന്നീ മേഖലകളിലെ വന്‍കിട കമ്പനികളും, ഇടത്തരം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവിക്കുകയാണ്. ഇവിടെയുള്ള യുവജനങ്ങളില്‍ സാങ്കേതിക വിദ്യ പഠിക്കുന്നവർ കുറവാണന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2012 മുതല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിൽ 32 ശതമാനവും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ 28 ശതമാനവും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഐടി എന്നിവയില്‍ 23 ശതമാനവും വിദ്യാര്‍ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്. അതേസമയം ഇതേ കാലയളവില്‍ സോഷ്യല്‍ വര്‍ക്കിലും സൈക്കോളജിയിലും ഒന്നാം വര്‍ഷ വിദ്യാർഥികളുടെ എണ്ണം 30 ശതമാനം വർധിച്ചു.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുന്നതില്‍ വളരെ ആശങ്കാകുലരാണന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ പറഞ്ഞു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവമാണ് കമ്പനികളുടെ പ്രധാന പ്രശ്നം. വിതരണക്കാര്‍ക്കിടയിലും ഫോക്സ് വാഗന് പോലുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് ശ്രദ്ധേയമാണ്. ക്രാഫ്റ്റ് മേഖലയിലും സ്പെഷ്യലിസ്ററുകളുടെ കുറവ് പ്രകടമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല