സ്വന്തം ലേഖകൻ: യുകെയിൽ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വർഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വർധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രതീക്ഷ ജനങ്ങളോടു പങ്കുവച്ചത്. രണ്ടര വർഷം മുമ്പ് 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഋഷി പ്രധാനമന്ത്രി ആയതു മുതൽ രാജ്യത്തെ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. അവശ്യ സാധനങ്ങൾക്കെല്ലാം വില വർധിച്ചു. വായ്പകൾക്കെല്ലാം പലിശ കൂടി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 14 തവണ ഉയർത്തി സർവകാല റെക്കോർഡിൽ എത്തിച്ചു. ഇതെല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗത്തെ പഴയ പാതയിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സാമ്പത്തിക വിഗദ്ധൻ കൂടിയായ പ്രധാനമന്ത്രിക്കു മുന്നിൽ ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിയും യുക്രെയ്ൻ യുദ്ധവും, പശ്ചിമേഷ്യൻ സംഘർഷവും രാഷ്ട്രീയ അനിശ്ചിതത്വവും എല്ലാം ഒരുമിച്ചു വന്നതോടെയാണ് ബ്രിട്ടന്റെ സാമ്പത്തിക രംഗം പൊടുന്നനെ തലകീഴ് മറിഞ്ഞത്.
ഇതിനെ നേരിടാൻ പ്രധാനമന്ത്രി വളരെ കടുത്ത നിലപാടുകൾ തന്നെയാണ് സ്വീകരിച്ചത്, പലിശ നിരക്കിലെ വർധന ഓരോ വീട്ടുടമകൾക്കും നൽകിയ അധിക സാമ്പത്തികഭാരം ചെറുതല്ല. എന്നാൽ പലിശ വർധനയീലൂടെ പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്താനായിരുന്നു സർക്കാരിന്റെ ശ്രമം. ഇത് വിജയം കണ്ടതിനെത്തുടർന്നാണ് 2024 സാമ്പത്തികമായി തിരിച്ചുവരവിന്റെ വർഷമായിരിക്കുമെന്ന് പ്രധാനമന്ത്രി സധൈര്യം പറയുന്നത്. ഈ തിരിച്ചുവരവ് പൂർത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകും പ്രധാനമന്ത്രി കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല