സ്വന്തം ലേഖകൻ: യുഎഇയിലും സൗദിയും കുവൈത്തിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്ന സ്ഥലങ്ങളുണ്ട്. ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈത്ത് സിറ്റിയിലാണ്. താങ്ങാനാകാത്ത 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പതിവായി താപനില ഉയരുന്ന ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്.
‘വാസയോഗ്യമല്ല’ എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന കുവൈത്ത് സിറ്റിയില്‍ ആകാശത്ത് നിന്ന് ചത്തുവീഴുന്നതും കൊടും ചൂടില്‍ അവശതനേരിടുന്നതുമായ പക്ഷികളെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ചൂടില്‍ നിന്ന് രക്ഷതേടി തെരുവില്‍ പോലും എയര്‍കണ്ടീഷണറുകള്‍ സ്ഥാപിച്ചിരിക്കുന്നു.
കുവൈത്ത് സിറ്റിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 54 ഡിഗ്രി സെല്‍ഷ്യസാണ്. ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന താപനിലയാണിത്. വേനല്‍ക്കാല ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില ഇവിടെ സാധാരണമായി കഴിഞ്ഞിരിക്കുന്നു. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ട്. തീവ്രമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന നിവാസികള്‍ വീടുകളില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു.
എന്നാല്‍, തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവരാണ് താപനില ഉയരുന്നതിന്റെ പ്രയാസം നേരിട്ട് അനുഭവിക്കുന്നത്. തൊഴിലെടുക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ ഉരുകിത്തീരുന്ന ചൂടിനോട് മല്ലടിച്ച് ജീവസന്ധാരണത്തിനുള്ള വഴിതേടുന്നു. ഇങ്ങനെയുള്ളവര്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തെരുവുകള്‍ വലിയ അനുഗ്രഹമാണ്. യുഎഇയില്‍ അടുത്തിടെ ചില പബ്ലിക് പാര്‍ക്കുകള്‍ എയര്‍കണ്ടീഷന്‍ ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വാഹനങ്ങള്‍, വീടുകള്‍, ഓഫീസുകള്‍, ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ എസി ഇല്ലാതെ കഴിയാന്‍ പറ്റാത്ത നാടായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗള്‍ഫ് നാടുകള്‍ മാറിയിരുന്നു. ലക്ഷക്കണക്കിന് എസികള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നതും നഗരങ്ങളിലെ താപനില ഉയര്‍ത്തുന്നു. 30 ലക്ഷത്തിലധികം ആളുകളാണ് കുവൈത്ത് സിറ്റിയിയില്‍ അധിവസിക്കുന്നത്. ഇതിനേക്കാള്‍ അല്പം ജനസംഖ്യ കുറഞ്ഞ വെയില്‍സ് വളരെ തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമാണ്.
വന്‍തോതിലുള്ള എണ്ണ ശേഖരത്തിന് പേരുകേട്ട കുവൈത്ത് നഗരം കൊടും ചൂടിന് മാത്രമല്ല, എല്ലാ വര്‍ഷവും കുറഞ്ഞ മഴയും നേരിടേണ്ടിവരുന്നു. ഈ സാഹചര്യം പൊടിക്കാറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതിലേക്ക് നയിച്ചു. നഗരം ഇടതൂര്‍ന്ന പൊടിപടലങ്ങളാല്‍ പൊതിയപ്പെടുകയും സള്‍ഫര്‍ അടങ്ങിയ ചൂട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആഗോള താപനം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ചൂട് വര്‍ധിച്ചുവരികയാണ്. ഓരോ വര്‍ഷം കൂടുമ്പോഴും ശരാശരി താപനിലയില്‍ ഏതാണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാവുന്നു. ഈ നില തുടര്‍ന്നാല്‍ 20-30 വര്‍ഷത്തിനുള്ളില്‍ താമസിക്കാന്‍ അനുയോജ്യമല്ലാത്ത നാടായി ജിസിസി രാജ്യങ്ങള്‍ മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ അവസ്ഥ ഇല്ലാതാക്കാന്‍ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്.
മരുഭൂവത്കരണം തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ പദ്ധതികളുണ്ട്. കോടിക്കണക്കിന് മരങ്ങളും കണ്ടല്‍ചെടികളും നട്ടുപിടിപ്പിച്ചും നിലവിലുള്ള പച്ചപ്പുകള്‍ സംരക്ഷിച്ചും കൂടുതല്‍ ഭാഗങ്ങള്‍ ഹരിതവത്കരിച്ചും പ്രകൃതി മലിനീകരണങ്ങള്‍ കുറച്ചും ഇതിനോട് പോരാടുകയാണ് രാജ്യങ്ങള്‍. ചൂട് കൂടുതലുള്ള മാസങ്ങളില്‍ നിര്‍ബന്ധ ഉച്ചവിശ്രമ നിയമം ഈ രാജ്യങ്ങളില്‍ നിലവിലുണ്ട്. 2004 മുതല്‍ തന്നെ യുഎഇയില്‍ ചൂട് കൂടുതലുള്ള കാലങ്ങളില്‍ ഉച്ചവിശ്രമ നിയമം നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല