സ്വന്തം ലേഖകൻ: പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കഴിഞ്ഞദിവസമാണ് വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽടൺ അർബുദവാർത്ത പുറത്തുവിട്ടത്. അടിവയറിൽ സർജറി കഴിഞ്ഞുവെന്നും നിലവിൽ കീമോതെറാപ്പി സ്റ്റേജിലൂടെ പോവുകയാണെന്നും കേറ്റ് പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ ചാൾസ് രാജാവും അർബുദബാധിതനാണെന്ന് വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും തുറന്നുപറച്ചിൽ. ഇപ്പോഴിതാ കേറ്റിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഭർതൃപിതാവ് കൂടിയായ ചാൾസ് രാജാവ്.
ചികിത്സയേക്കുറിച്ച് ധീരതയോടെ തുറന്നുപറഞ്ഞ കേറ്റിനേയോർത്ത് അഭിമാനിക്കുന്നുവെന്നാണ് ചാൾസ് രാജാവ് പറഞ്ഞത്. ബക്കിങ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞയാഴ്ചകളിലുടനീളം മരുമകളായ കേറ്റിന് കരുതലേകി ചാൾസ് കൂടെയുണ്ടായിരുന്നുവെന്നും ആശുപത്രിയിൽ ഇരുവരും ഒന്നിച്ചായിരുന്നുവെന്നും പത്രക്കുറിപ്പിലുണ്ട്. ഈ കഠിനമായ ഘട്ടത്തിൽ കുടുംബത്തിലെല്ലാവർക്കും ചാൾസ് രാജാവും പത്നി കാമിലയും സ്നേഹവും പിന്തുണയും ഏകുന്നുണ്ടെന്നും പറയുന്നുണ്ട്.
വില്യമിന്റെ സഹോദരൻ ഹാരി രാജകുമാരനും നടിയും പത്നിയുമായ മേഗൻ മാർക്കിളും കേറ്റിന്റെ അർബുദവാർത്തയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേറ്റിനും കുടുംബത്തിനും രോഗശാന്തിയും ആരോഗ്യവുമുണ്ടാകട്ടെയെന്നും അത് അവർക്ക് സ്വകാര്യമായും സമാധാനത്തോടെയും നേടാൻ കഴിയട്ടെയെന്നുമാണ് ഹാരിയും മേഗനും അറിയിച്ചത്.
രാജകുടുംബത്തിന്റെ പദവികളിൽ നിന്നുവിട്ടുനിൽക്കുന്ന ഹരിയും മേഗനും 2020 മുതൽ കൊട്ടാരത്തിൽ നിന്നുവിട്ട് കാലിഫോർണിയയിലാണ് താമസം. കൊട്ടാരവും കുടുംബാംഗങ്ങളുമായുള്ള ഹാരിയുടേയും മേഗന്റേയും അസ്വാരസ്യങ്ങളും വാർത്തയിൽ നിറഞ്ഞുനിന്നിരുന്നു. വെള്ളിയാഴ്ച്ച പുറത്തുവിട്ട വീഡിയോയിലൂടെയാണ് അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും നാൽപത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്.
ജനുവരിയിലാണ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറഞ്ഞു. ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും വാർത്ത പുറത്തുവരുന്നത്.
ജനുവരിയിലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കേറ്റ് പറഞ്ഞു. കാൻസറാണെന്ന് സ്ഥിരീകരിച്ചതോടെ പ്രിവന്റീവ് കീമോതെറാപ്പി ആരംഭിക്കണമെന്ന് തന്റെ മെഡിക്കൽ ടീം നിർദേശിച്ചു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് പറഞ്ഞു.
ഇത് തീർച്ചയായും തനിക്ക് ഷോക്കായിരുന്നുവെന്നും വില്യമും താനും പരമാവധി ഇത് സ്വകാര്യമായി തന്നെ വച്ച് കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും കേറ്റ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഈസ്റ്റർ കഴിയുന്നതുവരെ കേറ്റ് ഔദ്യോഗിക ജോലികളിലേക്ക് തിരികെയെത്തില്ലെന്നാണ് രാജകുടുംബം വ്യക്തമാക്കിയത്.
അതേസമയം ഏതുതരം കാൻസറാണ് ബാധിച്ചത് എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കേറ്റിന്റെ ഓഫീസ് കൂടിയായ കെൻസിങ്ടൺ പാലസ് പുറത്തുവിട്ടിട്ടില്ല. ചികിത്സാവിവരങ്ങൾ സ്വകാര്യമാക്കുന്നതിനുള്ള അവകാശം കേറ്റിനുണ്ടെന്നും സുഖംപ്രാപിച്ചുവരികയാണെന്നും കെൻസിങ്ടൺ പാലസ് വ്യക്തമാക്കി.
പൊതുജനങ്ങളിലേക്ക് അർബുദവാർത്തയെത്തുംമുമ്പ് മക്കളായ പത്തും എട്ടും അഞ്ചുംവയസ്സുള്ള പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലെറ്റ്, പ്രിൻസ് ലൂയീസ് എന്നിവരെ കാര്യംബോധ്യപ്പെടുത്താനുള്ള സമയമെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച്ച മൂവരുടേയും സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതുകൂടി കണക്കിലെടുത്താണ് ഇപ്പോൾ പുറത്തുവിട്ടതെന്ന് കരുതുന്നു.
വലിയൊരു സർജറിയിൽ നിന്ന് സുഖംപ്രാപിക്കാനും അതിലേറെ പ്രധാനമായി മക്കൾക്ക് ഉചിതമായ രീതിയിൽ പറഞ്ഞുമനസ്സിലാക്കാനും സമയം വേണമായിരുന്നു എന്നും കേറ്റ് പറഞ്ഞു. തന്റെ രോഗം ഭേദപ്പെട്ടുവെന്നും ഓരോദിവസവും ധൈര്യമായി മുന്നോട്ടുപോകണമെന്നും അവരോട് പറഞ്ഞിട്ടുണ്ട്. ഒരു കുടുംബം എന്ന നിലയ്ക്ക് ചികിത്സ പൂർത്തിയാക്കാൻ കുറച്ചു സമയവും സ്വകാര്യതയും ആവശ്യമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും കേറ്റ് പറഞ്ഞു.
കാൻസർ ബാധിച്ച എല്ലാ ജീവിതങ്ങളേയുംകുറിച്ച് ഇപ്പോൾ ചിന്തിക്കുന്നുണ്ടെന്നും ഏതുതരം കാൻസറണെന്നും വിശ്വാസവും പ്രതീക്ഷയും കൈവിടാതെ മുന്നോട്ടുപോകണമെന്നും കേറ്റ് പറഞ്ഞു. സുഖംപ്രാപിക്കുന്നതോടെ ജോലിയിലേക്ക് തിരികെയെത്തും പക്ഷേ ഇപ്പോൾ ചികിത്സയിലാണ് കൂടുതൽ ശ്രദ്ധ.
ക്രിസ്മസിനുശേഷം കേറ്റിനെ പൊതുപരിപാടികളിലൊന്നും കണ്ടിരുന്നില്ല. ഇതോടെ പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കേറ്റിന്റെ ആരോഗ്യനില സംബന്ധിച്ചുള്ളതായിരുന്നു മിക്ക റിപ്പോർട്ടുകളും. ഉദരശസ്ത്രക്രിയ കഴിഞ്ഞ് കേറ്റ് വിശ്രമത്തിലാണെന്നും സുഖമായിരിക്കുന്നുവെന്നും ഫെബ്രുവരി 27ന് കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം 14 ദിവസം കേറ്റ് ആശുപത്രിയില്‍ ചെലവഴിച്ചതായി ജനുവരി 17-ന് പുറത്തുവിട്ട പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാൾസ് രാജാവിനും കാൻസർ ബാധിച്ച വിവരം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പർ വർക്കുകൾ തുടരുമെന്നും പ്രസ്താവനയിലുണ്ടായിരുന്നു. എന്തുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല