സ്വന്തം ലേഖകൻ: കാനഡയുടെ ചരിത്രത്തില്‍ ഇതാദ്യമായി താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ, താത്ക്കാലിക ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കുക വരുന്ന സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കൊക്കെ ഇത് ബാധകമായിരിക്കും.
രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികള്‍ എന്നതിനാലും താമസ സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ കാരണവും കുടിയേറ്റ നയം പരിഷ്കരിക്കുമെന്ന് മന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. നിലവില്‍ മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം വിദേശികളാണ് ഉള്ളത്. ഇത് 5 ശതമാനമാക്കി കുറക്കുമെന്നും തന്റെ പ്രസ്താവനയില്‍ മന്ത്രി മില്ലര്‍ വെളിപ്പെടുത്തിയിരുന്നു. താത്ക്കാലിക ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തുന്നവരുടെ എണ്ണം സുസ്ഥിരമാക്കി നിര്‍ത്തുവാനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്ത ചില വര്‍ഷങ്ങളിലായിട്ടായിരുന്നു താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്. 2024-ല്‍ 25 ലക്ഷത്തോളം താത്ക്കാലിക കുടിയേറ്റക്കാര്‍ കാനഡയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 2021 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10 ലക്ഷം പേര് കൂടുതലാണിത്. രാജ്യത്തെ പല തസ്തികകളിലേയും ഒഴിവുകള്‍ നികത്താന്‍ രാജ്യം പ്രധാനമായും വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നതെന്ന് മില്ലര്‍ പറഞ്ഞു. എന്നിരുന്നാലും സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാകുവാന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുപോലെ, യുദ്ധമുഖത്തു നിന്നും, രാഷ്ട്രീയ അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷപ്പെട്ടും എത്തുന്നവര്‍ക്ക് അഭയം നല്‍കുക എന്നത് ഒരു ആഗോള ബാദ്ധ്യതയാണ്. അത് നിറവേറ്റുന്നതില്‍ കാനഡ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞ മില്ലര്‍, പക്ഷെ, രാജ്യം മുന്പോട്ട് കുതിക്കുമ്പോള്‍, അന്താരാഷ്ട്ര കുടിയേറ്റം എന്നാല്‍ എന്താണെന്ന സംവാദം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയത്തിന്റെ ഭാഗമായി ചില വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മേയ് 1 മുതല്‍ താത്ക്കാലിക കുടിയേറ്റക്കാരായ ചില ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വന്നേക്കാം. അതല്ലെങ്കില്‍, അവര്‍ ചെയ്യുന്ന ജോലികള്‍ കാനഡയിലെ സ്ഥിര താമസക്കാരെ കൊണ്ട് ചെയ്യാന്‍ ആകില്ലെന്ന് തെളിയിക്കേണ്ടതായി വരും. കെട്ടിട നിര്‍മ്മാണം, ആരോഗ്യം എന്നീ മേഖലയില്‍ മാത്രമാണ് ഇത് ബാധകമാകാതിരിക്കുക. ഈ രണ്ട് മേഖലയിലും ഇപ്പോള്‍ കനത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുകയാണ്., ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് ആഗസ്റ്റ് 31 വരെ എങ്കിലും സമയപരിധി ലഭിക്കും.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകള്‍ അനുസരിച്ച് താത്ക്കാലിക കുടിയേറ്റക്കാരില്‍ 54 ശതമാനം പേര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ട്. 22 ശതമാനം പേര് പഠനത്തിനായി കാനഡയില്‍ എത്തിയവരാണ്. 15 ശതമാനത്തോളം പേര് വിവിധ കാരണങ്ങളാല്‍ അഭയം തേടി എത്തിയ അഭയാര്‍ത്ഥികളും. ഏതായാലും ഈ നയ മാറ്റം പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. സര്‍ക്കാരിന്റെ കഴിവില്ലായ്മക്ക് വിദേശ തൊഴിലാളികളെ ബലിയാടാക്കുന്നു എന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല