സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സഞ്ചാരിയും വ്യവസായിയുമായ ക്രിസ് ബ്രൗൺ പോയിന്റ് നീമോയിലെത്തി ചരിത്രം സൃഷ്ടിച്ചു. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമാണ് പോയിന്റ് നീമോ. ഒരാൾ ഇവിടെയെത്തിയതായി സ്ഥിരീകരിക്കപ്പെടുന്നത് ഇതാദ്യമാണ്.
ഈ മാസം 12ന് ‘ഹന്‍സ് എക്സ്പ്ലോറർ’ എന്ന കപ്പലിൽ തുടങ്ങിയ യാത്ര ചിത്രീകരിക്കാനായി ക്രിസിന്റെ കൂടെ വിഡിയോഗ്രഫറും നീന്തൽക്കാരുമുണ്ടായിരുന്നു. 10 ദിവസം കടൽമാത്രം കണ്ടുകൊണ്ടുള്ള യാത്ര എങ്ങനെ പൂർത്തിയാക്കിയെന്ന് ഇപ്പോഴും ആലോചിക്കാൻ കഴിയുന്നില്ലെന്ന് ക്രിസ് വെബ്സൈറ്റിൽ കുറിച്ചു.
ദക്ഷിണ പസിഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന പോയിന്റ് നീമോയോട് ഏറ്റവുമടുത്ത സ്ഥലം 2688 കിലോമീറ്റർ അകലെയുള്ള ഡൂസി ദ്വീപാണ്. യുകെയുടെ കീഴിലുള്ള പിറ്റ്കെയ്ൻ ദ്വീപുകളുടെ ഭാഗമാണ് ഡൂസി. പോയിന്റിന് ഏറ്റവും അടുത്ത് മനുഷ്യരുള്ളതാകട്ടെ 415 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശ നിലയത്തിലും.
റഷ്യയുടെ മിർ സ്പേസ് സ്റ്റേഷൻ പോലെ പല രാജ്യങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പാണ് പോയിന്റ് നീമോ. 7.2 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. ജൂൾസ് വേൺ എന്ന ഫ്രഞ്ച് സാഹിത്യകാരന്റെ ‘20,000 ലീഗ്സ് അണ്ടർ ദ് സീ’ എന്ന കഥയിലെ ക്യാപ്റ്റൻ നീമോ എന്ന കഥാപാത്രത്തിൽനിന്നാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല