സ്വന്തം ലേഖകൻ: സൗജന്യ സ്മാര്‍ട്ട് അംബ്രല്ല സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). യാത്രക്കാര്‍ക്ക് മഴയും വെയിലുമുള്ളപ്പോള്‍ കുട കൈയിലില്ലെങ്കിലും പേടിക്കേണ്ടതില്ല. പണം നല്‍കാതെ തന്നെ കുട ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി.
അല്‍ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലുമാണ് ഇപ്പോള്‍ കുട ലഭിക്കുക.
പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. മൂന്നു മാസത്തിനകം മറ്റു മെട്രോ, ബസ് സ്റ്റേഷനുകളില്‍ കുടയെത്തും. മഴയും വെയിലുമുള്ളപ്പോള്‍ അടുത്ത സ്ഥലങ്ങളിലേക്ക് ടാക്സി വിളിക്കാതെ നടന്നുപോകാന്‍ യാത്രക്കാരെ ഇത് സഹായിക്കും.
പ്രമുഖ കനേഡിയന്‍ സ്മാര്‍ട്ട് അംബ്രല്ല ഷെയര്‍ സര്‍വീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ചാണ് ആര്‍ടിഎ ഈ സേവനം ആരംഭിച്ചത്. സ്വദേശികളും വിദേശികളുമായ യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കുട ലഭിക്കും. കാല്‍നട യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണിത്.
മെട്രോ, ബസ് യാത്രകള്‍ പോലുള്ള സേവനത്തിന് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സൗജന്യമായി കുട വാങ്ങാം.
ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ’20 മിനുട്ട്സ് സിറ്റി’ എന്ന പേരില്‍ കാല്‍നട യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയുമായി ചേര്‍ന്നുനില്‍ക്കുന്ന നൂതന ആശയമാണിതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
യുഎഇ നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി പുറത്തുപോകുമ്പോള്‍ ചുരുങ്ങിയത് 20 മിനിറ്റ് നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ‘ദുബായ് 2040’ അര്‍ബന്‍ മാസ്റ്റര്‍ പ്ലാനുമായി ചേര്‍ന്നുപോകുന്ന വിധത്തില്‍ ദീര്‍ഘവീക്ഷണത്തോടെ സുസ്ഥിരവും ആരോഗ്യകരവുമായ നഗര അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ദുബായിയുടെ ശ്രമങ്ങളാണ് ഇവയെല്ലാം.
നഗര ജനതയുടെ ജീവിത നിലവാരവും സന്തോഷവും മെച്ചപ്പെടുത്താനാണ് ആര്‍ടിഎ നൂതന സാങ്കേതികവിദ്യയും പ്രായോഗിക പരിഹാരങ്ങളും സംയോജിപ്പിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് പ്രസ്താവിച്ചു. ആര്‍ടിഎയും അംബ്രാസിറ്റിയും ചേര്‍ന്ന് ദുബായില്‍ ഉടനീളം ഊര്‍ജസ്വലവും ആരോഗ്യകരവുമായ സമൂഹത്തിനായി കൈകോര്‍ക്കുകയാണെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്സ്പോര്ട്ടേഷന് ഏജന്‍സി വിഭാഗം തലവന്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല