സ്വന്തം ലേഖകൻ: ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയതു സംബന്ധിച്ച് പോലീസോ രഹസ്യാന്വേഷണവിഭാഗമോ അന്വേഷണം നടത്തുന്നില്ല. സി.ബി.ഐ. ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. പരാതികളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. രഹസ്യാന്വേഷണവിഭാഗമാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നാണ് സൂചന.
”റഷ്യ-യുക്രൈന് യുദ്ധം നടക്കുന്ന പ്രദേശം നരകത്തിനു സമാനം. ഇന്ത്യയില്‍നിന്ന് എത്തിച്ചവരില്‍ പലരും കൊല്ലപ്പെട്ടു. ഒരു മാസം മുന്‍പ് മൃതദേഹങ്ങള്‍ മാറ്റാതെയും മറവുചെയ്യാതെയും കിടക്കുകയായിരുന്നു. സൈനികകേന്ദ്രത്തിലെ പരിശീലനത്തിനുശേഷം യുക്രൈന് നഗരമായ ഡോനെസ്ക് പിടിച്ചെടുക്കാനുള്ള സേനയോടൊപ്പമാണ് എന്നെ നിയോഗിച്ചത്”- പൊഴിയൂര്‍ സ്വദേശി ഡേവിഡിന്റെ വാക്കുകളില്‍ ഭീതി വിട്ടുമാറുന്നില്ല. സെക്യൂരിറ്റി ജോലിക്കായി റഷ്യയില്‍ എത്തിച്ചശേഷം യുദ്ധത്തിനു നിയോഗിച്ച ഡേവിഡ് മുത്തപ്പന് യുദ്ധത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സൈന്യത്തില്‍നിന്നു രക്ഷപ്പെട്ട് മോസ്കോയിലെ ഒരു പള്ളിയില്‍ ഒളിവില്‍ക്കഴിയുകയാണ്.
ഡോനെസ്ക് നഗരം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം നടത്തിയ പോരാട്ടത്തിലാണ് ഡേവിഡിന് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഉത്തര്‍പ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡേവിഡ് പറയുന്നു. ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇവരുടെ ബന്ധുക്കളെപ്പോലും റഷ്യന്‍ സൈന്യം അറിയിച്ചിട്ടില്ല. ഇവര്‍ യുദ്ധത്തില്‍ പങ്കെടുത്തതു സംബന്ധിച്ച് യാതൊരു രേഖകളും റഷ്യന്‍ സേനയുടെ കൈവശമില്ല. യുദ്ധമേഖലയില്‍ ഭക്ഷണമോ വെള്ളമോപോലും ലഭിക്കാതെ ദിവസങ്ങളോളം ചെലവഴിക്കേണ്ടിവന്നതായി ഡേവിഡ് പറഞ്ഞു.
പാസ്പോര്‍ട്ട് നഷ്ടമായതോടെ ഡേവിഡിന്റെ ദുരിതകാലം തുടങ്ങി. അധികൃതരുടെ അനുകൂല നടപടികളുണ്ടായില്ലെന്ന് ഡേവിഡ് പറഞ്ഞു. തന്റെ സ്ഥിതി വിവരിച്ച് ഡേവിഡ് ഇന്ത്യന്‍ എംബസിക്ക് ഇ-മെയില്‍ നല്‍കിയെങ്കിലും ഇതേവരെ പ്രതികരണമുണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഞായറാഴ്ച വാര്‍ത്ത പുറത്തുവന്നതിനു ശേഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസില്‍നിന്ന് ഡേവിഡിനെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കുമെന്നും ഓഫീസ് അറിയിച്ചു.
ഡേവിഡിനെ സംബന്ധിച്ച യാതൊരു അടിസ്ഥാനരേഖകളും കൈവശമില്ലാത്തതാണ് എംബസിക്കു മുന്നിലെ തടസ്സം. നവംബര്‍ ഒന്നിന് റഷ്യന്‍ പട്ടാളക്യാമ്പില്‍ എത്തിയപ്പോള്‍ത്തന്നെ ഡേവിഡിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. മറ്റു പല രാജ്യങ്ങളില്‍നിന്നുള്ള യുവാക്കള്‍ സ്വന്തം രാജ്യത്ത് എത്തിച്ചേര്‍ന്നതായി ഡേവിഡ് പറയുന്നു. ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടതിനാല്‍ ഇനി പിടിക്കപ്പെട്ടാല്‍ റഷ്യന്‍ സൈന്യം ഏതുതരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയുണ്ടെന്ന് ഡേവിഡ് പറയുന്നു.
അതേസമയം റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് കേസില്‍ 17-ാം പ്രതിയായ തിരുവനന്തപുരം സ്വദേശി ഡോമിരാജിനെ ഏപ്രില്‍ അഞ്ചുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഡോമിരാജ് നല്കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സി.ബി.ഐ. ഡല്‍ഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അതിനാല്‍ ജാമ്യത്തിനായി ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് സി.എസ്. ഡയസ് നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല