സ്വന്തം ലേഖകൻ: റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്ക് ജോലി നൽകാത്ത തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി. വീസ കച്ചവടം നടത്തുന്ന ചില കമ്പനികൾ ഇല്ലാത്ത ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മറ്റു ജോലി കണ്ടെത്താൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകരായ തൊഴിലുടമയ്ക്ക് 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെയാണ് പിഴ.
നിയമത്തിന്റെ കരട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നതിന് വേണ്ടിയാണിത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും 2024 ഏപ്രില്‍ 20നകം തൊഴില്‍ നിയമ ഭേദഗതി സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സമര്‍പ്പിക്കാവുന്നതാണ്.
വീസ നേടുന്ന സൗദിയിലെ വ്യക്തികളും സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ഈ നിയമം നിര്‍ബന്ധിതമാക്കും. ജോലി ഇല്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ രണ്ട് ലക്ഷം റിയാല്‍ (44.48 ലക്ഷത്തിലധികം രൂപ) മുതല്‍ 10 ലക്ഷം റിയാല്‍ (2.22 കോടിയിലധികം) രൂപ വരെ പിഴ ചുമത്താന്‍ കരട് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
വീസ കച്ചവടം തടയാനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഫ്രീ വീസയിലെത്തിയവര്‍ ജോലി അന്വേഷിച്ച് കണ്ടുപിടിച്ച് പുതിയ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്കോ വ്യക്തികള്‍ക്ക് കീഴിലേക്കോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയാണ് രീതി. വീസ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ ഇതിനായി ജോലിക്കാര്‍ക്ക് ആറു മാസം സമയം അനുവദിക്കുകയുമാണ് ചെയ്തുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല