സ്വന്തം ലേഖകൻ: ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂര്‍ ഉള്‍പ്പെടെ 6 നഗരങ്ങളിലേയ്ക്ക് അധിക അവധിക്കാല സര്‍വീസുകള്‍ ആരംഭിക്കും. ബ്രിട്ടീഷ് എയര്‍വെയ്സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു.
ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്സലോണ , കോസ്, ജസ്മിന് (തുര്‍ക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹീത്രു എയര്‍പോര്‍ട്ടിലെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ റോസ് ബേക്കര്‍ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സര്‍വീസുകള്‍ യുകെയില്‍ ഉടനീളമുള്ള ബിസിനസുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സര്‍വീസുകളില്‍ കേരളത്തില്‍ നിന്നുള്ള എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ബാംഗ്ലൂര്‍ ഉള്ളത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നേട്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയുടെ സിലിക്കണ്‍ വാലി’ എന്നറിയപ്പെടുന്ന ബാംഗ്ലൂരിന്റെ സാംസ്കാരിക വൈവിധ്യവും വ്യവസായിക പ്രാധാന്യവുമാണ് ബാംഗ്ലൂര്‍ പുതിയ സര്‍വീസില്‍ ഉള്‍പ്പെടാനുള്ള പ്രധാനകാരണം
1946 -ല്‍ ആരംഭിച്ച ഹീതു എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാന എയര്‍പോര്‍ട്ടാണ് . കഴിഞ്ഞവര്‍ഷം മാത്രം 79 ദശലക്ഷം യാത്രക്കാര്‍ക്കാണ് ഹീത്രു എയര്‍പോര്‍ട്ട് സേവനം നല്‍കിയത്. ഹീത്രുവില്‍ നിന്ന് തുടങ്ങുന്ന പുതിയ സര്‍വീസുകള്‍ പ്രധാനമായും അവധിക്കാല വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ആരംഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല