സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരായ ഖത്തര്‍ നിവാസികള്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. ഖത്തറില്‍ റെസിഡന്‍സ് വീസയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ എംബസി ഓഫിസില്‍ ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയില്‍ സ്ഥിരം ഒഴിവും താത്കാലിക ഒഴിവുകളുമുണ്ട്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും എംഎസ് ഓഫീസ് പ്രാവീണ്യവും വേണം. പ്രതിമാസം എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,500 ഖത്തര്‍ റിയാലാണ് ശമ്പളം. റിക്രൂട്ട്മെന്റ് സംബന്ധിച്ച് ദോഹ എംബസി അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകന് ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലോ ഓഫീസിലോ ക്ലറിക്കല്‍ ജോലികളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കണം. അറബി ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയാണ്. 21 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 2024 ഫെബ്രുവരി 29 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക.
അപേക്ഷകന്റെ റെസിഡന്‍സി വീസ നിലവില്‍ സാധുതയുള്ളതായിരിക്കണം. അധിക യോഗ്യതകളോ പ്രവൃത്തി പരിചയമോ സര്‍ട്ടിഫിക്കറ്റുകളോ ഉണ്ടെങ്കില്‍ അപേക്ഷയില്‍ കാണിക്കാം. അപേക്ഷ അയക്കാനുള്ള ലിങ്ക് എംബസി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിട്ടുള്ള അറിയിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഏഴിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല