സ്വന്തം ലേഖകൻ: 10 വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ ആലോചിക്കുന്നു. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനും രാജ്യത്തെ ബിസിനസ്, സാമ്പത്തിക പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്ന വിധത്തിൽ ഈ ദീർഘകാല ബിസിനസ് ലൈസൻസുകൾ നൽകുന്നതിനെക്കുറിച്ച് കമ്മിറ്റി ഇന്നലെ ചർച്ച ചെയ്തു. ലൈസൻസ് ഫീസ് സംബന്ധിച്ച കാര്യങ്ങൾക്ക് അന്തിമ തീരുമാനമായിട്ടില്ല. 2019 മുതൽ നിക്ഷേപകർ, സംരംഭകർ, പ്രോപ്പർട്ടി വാങ്ങുന്നവർ, മികച്ച വിദ്യാർഥികൾ, മറ്റ് പ്രഫഷനലുകൾ എന്നിവർക്കായി യുഎഇക്ക് 10 വർഷത്തെ താമസാനുമതി നൽകുന്ന ഗോൾഡൻ വീസ ഏർപ്പെടുത്തിയിരുന്നു.
മത്സരാധിഷ്ഠിതമായ സാമ്പത്തിക നയങ്ങളും നിയമനിർമാണങ്ങളും യുഎഇ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിപണിക്ക് നേട്ടമുണ്ടാക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകർക്കും സംരംഭകർക്കും വൈവിധ്യമാർന്ന അവസരങ്ങൾ രാജ്യം നൽകുന്നുണ്ട്.
2023 അവസാനത്തോടെ രാജ്യത്തെ കമ്പനികളുടെ എണ്ണം 7,88,000 ആയി വർധിച്ചു. ഇത് രാജ്യത്തേക്ക് ഉയർന്ന വിദേശ നിക്ഷേപ പ്രവാഹത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിൽ സാമ്പത്തിക ഏകീകരണ സമിതി നിർണായക പങ്ക് വഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല