സ്വന്തം ലേഖകൻ: അമേരിക്കയ്ക്കും ജർമനിക്കും പുറമെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭയും. ഇന്ത്യയിൽ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഉറപ്പ് വരുത്തണമെന്നും യുഎൻ വക്താവ് സ്റ്റിഫൻ ഡുജാറിക് പ്രതികരിച്ചു.
രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തിലും യുഎൻ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുട്ടെറസ്.
കെജ്രിവാളിന്റെ അറസ്റ്റിൽ ആശങ്കയറിയിച്ച യു എസ് നയതന്ത്രജ്ഞനെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. കെജ്രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പരാമർശങ്ങൾ ‘അനാവശ്യം ‘ എന്ന് പറഞ്ഞായിരുന്നു കേന്ദ്രസർക്കാർ പ്രതികരിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പിന് മേൽ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകളും നിരീക്ഷിക്കുകയാണെന്നും യുഎൻ വക്താവ് പറഞ്ഞു.
അതേസമയം രാജ്യതലസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മുഖ്യമന്ത്രി ജയിലിൽനിന്ന് ഭരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാർ ഇ.ഡി. കസ്റ്റഡിയിൽനിന്നുള്ള അരവിന്ദ് കെജ്രിവാളിന്റെ നിർദേശങ്ങൾ നടപ്പാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ രംഗത്തെത്തിയ ബി.ജെ.പി., മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലാണ്.
ജയിലിൽനിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ലെഫ്. ഗവർണർ വി.കെ. സക്സേനയും വ്യക്തമാക്കി. പോര് ശക്തമായ സാഹചര്യത്തിൽ കേന്ദ്രം നിയമിച്ച ലെഫ്. ഗവർണർ ക്രമപ്രശ്നങ്ങളുയർത്തി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മറ്റൊരു വഴിയുമില്ലെങ്കിൽമാത്രമേ രാഷ്ട്രപതിഭരണം പാടുള്ളൂവെന്നും ഡൽഹിയിലെ എ.എ.പി. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നുമാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്.
ജനപ്രതിനിധി നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രമാണ് അയോഗ്യതയുണ്ടാവുക. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാകുമെന്ന് എ.എ.പി. നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല