സ്വന്തം ലേഖകൻ: എഴുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സൗജന്യ വീസ നല്‍കുമെന്ന പ്രഖ്യാപനവുമായി തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. രാജ്യത്തിന്റെ ടൂറിസം വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കെല്ലാം സൗജന്യ വീസ നല്‍കുന്നതോടെ ആഗോള ടൂറിസം മാര്‍ക്കറ്റില്‍ സ്വന്തം ഇടം കണ്ടെത്താനാവുമെന്നാണ് മലാവിയുടെ പ്രതീക്ഷ.
90 ദിവസത്തേക്കാണ് ഫീസില്ലാത്ത വീസയില്‍ വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും മലാവിയില്‍ താമസിക്കാന്‍ സാധിക്കുക. ആഗോള തലത്തില്‍ വിനോദസഞ്ചാരികള്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ വീസ ഇളവ് മലാവിക്ക് ഗുണം ചെയ്യുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. രാജ്യത്തേക്ക് കൂടുതല്‍ മൂലധന നിക്ഷേപം എത്തിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലാവി പ്രസിഡന്റ് ലസാറസ് ചക്വേരയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മലാവിയുടെ വിനോദസഞ്ചാര സാധ്യതകള്‍ ലോകം അറിയാന്‍ പോകുകയാണെന്ന് പുതിയ നയം പ്രഖ്യാപിക്കവേ പ്രസിഡന്റ് ചക്വേര പറഞ്ഞു. മലാവിയുടെ സമ്പന്നമായ ഭൂപ്രകൃതിയും മഹത്തായ സാംസ്കാരിക വൈവിധ്യങ്ങളും ലോകം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്ട്രേലിയ, അമേരിക്ക, ചൈന, ഫ്രാന്‍സ്, മലേഷ്യ, ന്യൂസിലാന്‍ഡ്, റഷ്യ, യുകെ തുടങ്ങിയ എഴുപതിലേറെ രാജ്യങ്ങള്‍ക്കാണ് ഫീസ് നല്‍കാതെ മലാവിയന്‍ വീസ സ്വന്തമാക്കാന്‍ സാധിക്കുക. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയെ പരിഗണിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല