സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്ന സൗദി അറേബ്യയില്‍ പൗരന്മാര്ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 7.7 ശതമാനത്തിലെത്തി. ആദ്യമായാണ് സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം കുറയുന്നത്. 2023 അവസാനം വരെയുള്ള കണക്കാണ് അതോറിറ്റി പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തിന്റെ അവസാനത്തോടെ തൊഴിലില്ലായ്മ 7.7 ശതമാനത്തിലെത്തി.
കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കില്‍ 0.9 ശതമാനത്തിന്റെ കുറവുണ്ടായി. മൂന്നാം പാദത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. 2022ലെ അവസാന പാദത്തെ അപേക്ഷിച്ച് 0.3 ശതമാനമാണ് കുറവ്. സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറയാനുള്ള കാരണം. സ്വകാര്യ മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്കിയതും സ്വദേശിവത്കരണത്തിന് പുറമേ സ്വദേശി വനിതാവത്കരണം നടപ്പാക്കിയതുമാണ് റെക്കോഡ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
സ്ത്രീകളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, നവജാത ശിശുക്കള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, അടുക്കള പാത്രങ്ങള്‍, ഹോം ഫര്‍ണിച്ചറുകള്‍ തുടങ്ങിയ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര് ജോലിചെയ്യുന്നത് വിലക്കിയിരുന്നു. ചില മേഖലകളില്‍ സമ്പൂര്‍ണ സൗദി വനിതാവത്കരണമാണ് നടപ്പാക്കിയിരുന്നത്. തൊഴില്‍ അന്തരീക്ഷം മാറിയതോടെ സ്ത്രീകള്‍ കൂടുതലായി തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായി. തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ ഭരണകൂടവും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുണ്ടായി.
തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് സൗദി വിഷന്‍ 2030 പദ്ധതികളിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. 2030ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലെത്തിക്കുകയെന്നതാണ് സൗദിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ആറ് വര്‍ഷം കൂടി ബാക്കിനില്‍ക്കെ 7.7 ശതമാനത്തിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരില്‍ 30.7 ശതമാനം വനിതകളാണെന്ന് ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നു. സ്ത്രീ തൊഴിലാളികളുടെ ജനസംഖ്യാ അനുപാതം 0.6 ശതമാനം ആണ് അവസാനപാദത്തില്‍ വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2.6 ശതമാനം കുറഞ്ഞ് 13.7 ശതമാനത്തിലെത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ആരംഭിച്ച സ്വദേശിവത്കരണം ഇപ്പോഴും ഘട്ടംഘട്ടമായി തുടരുകയാണ്. 25% എന്‍ജിനീയറിങ് പ്രൊഫഷനുകള്‍ വരുന്ന ജൂലൈ 21 മുതല്‍ സ്വദേശിവത്കരിക്കും. കണ്‍സള്‍ട്ടിങ് ജോലികളില്‍ 40% സൗദിവത്കരണം കഴിഞ്ഞ തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. ദന്ത മേഖലയില്‍ 35 ശതമാനം സ്വദേശിവത്കരണം ഈ മാസം 11നും നിലവില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല