സ്വന്തം ലേഖകൻ: രാജ്യാന്തര വിദ്യാർഥികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ, നേരത്തെ നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ നടപ്പിൽ വരും. രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട ഭവനക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ മാറ്റം.
പുതിയ തീരുമാനം ഈ വർഷം സെപ്റ്റംബർ ഒന്നിന് നടപ്പാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ മാനാദണ്ഡങ്ങൾ മേയ് 15 മുതൽ നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. പൊതു-സ്വകാര്യ കരിക്കുലം ലൈസൻസിങ് ക്രമീകരണത്തിലൂടെ വിതരണം ചെയ്യുന്ന കോളേജ് പ്രോഗ്രാമുകളിൽ നിന്നുള്ള ബിരുദധാരികൾ, പുതുക്കിയ നിയമങ്ങൾ പ്രകാരം വർക്ക് പെർമിറ്റിന് യോഗ്യത നേടില്ല.
അതായത്, ഈ വർഷം മേയ് 15നോ അതിനുശേഷമോ അത്തരം പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുമ്പോൾ വർക്ക് പെർമിറ്റിന് അർഹതയുണ്ടാകില്ല . തൊഴിലുടമയുടെ അംഗീകൃത ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റിന്റെ പിന്തുണയുള്ള വർക്ക് പെർമിറ്റിന് വിദ്യാർഥികൾക്ക് തുടർന്നും അപേക്ഷിക്കാം. കാനഡയിൽ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴിലുകളിൽ വിദ്യാർഥികൾ ജോലി നേടാൻ അവസരമുണ്ടാകും.
യോഗ്യതയുള്ള കോളേജുകളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതിൽ വിദ്യാർഥികളെ സഹായിക്കുന്നതിന്, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രവർത്തിക്കുന്നുണ്ട്. നിലവിൽ, രണ്ട് വർഷത്തിൽ താഴെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മറ്റെല്ലാ ആവശ്യകതകളും നിറവേറ്റുന്നപക്ഷം, മൂന്ന് വർഷത്തെ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാമിന് (PGWP) അർഹതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല