സ്വന്തം ലേഖകൻ: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ പ്രദീപ് ജയരാമന് പറഞ്ഞു. ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും.
2023 ഒക്ടോബറിലാണ് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയത്. അത് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുമായി എത്തിയതാണ്. ഇതിനു പിന്നാലെ നാലു കപ്പലുകള്‍ കൂടി വന്നു. തുറമുഖ നിര്‍മ്മാണത്തിന് വര്‍ഷങ്ങളായി മേല്‍നോട്ടം വഹിച്ച അദാനിഗ്രൂപ്പിന്റെ സി.ഇ.ഒ രാജേഷ് ഝാ ഗുജറാത്തിലേക്ക് പോകുന്നതിനു പകരമായാണ് പുതിയ സിഇഒയുടെ എത്തിയിരിക്കുന്നത്. 2960 മീറ്റര്‍ ബ്രേക്ക് വാട്ടറിന്റെ പണിപൂര്‍ത്തിയാക്കി.
800 മീറ്റിര്‍ ബെര്‍ത്തില്‍ 600 മീറ്ററും പൂര്‍ത്തിയായി. മെയ് മാസത്തില്‍ ട്രയല്‍ റണ്‍ തുടങ്ങാനാണ് നീക്കം. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി ചൈനയില്‍ നിന്ന് 17 ക്രെയിനുകള്‍ കൂടി ഉടനെത്തും. രണ്ടാം ഘട്ടത്തില്‍ മൂന്നു കപ്പലുകളിലായി ഏപ്രില്‍ 4, 17, 23 തീയതികളിലാണ് ക്രെയിനുകള്‍ വിഴിഞ്ഞം തീരത്ത് എത്തിക്കുക. 14 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും നാല് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് എത്തുക.
ആദ്യ കപ്പലില്‍ ആറ് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുണ്ടാകും. രണ്ടാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും നാല് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും മൂന്നാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും മൂന്ന് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ ഇതിനെതിരേ സമരം ചെയ്തവരുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണു പിന്‍വലിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ അഞ്ചിനാണ് സര്‍ക്കാരിന്റെ സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
തുടക്കത്തില്‍ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി പ്രകൃതിക്ഷോഭമായ ഓഖിയും ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കൊറോണയും മറ്റും കാരണം എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായില്ല.ഇതിന്റെ അനുബന്ധമായി റെയില്‍പ്പാതയുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണം പൂര്ത്തിയാക്കേണ്ടേതുണ്ട്.
അതേസമയം, അടുത്തിടെ വിഴിഞ്ഞത്തേക്ക് ടിപ്പറില്‍ കൊണ്ടുവന്ന കല്ല് വീണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അനന്ദുവെന്ന ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ച ദാരുണ സംഭവമുണ്ടായി. അനന്തുവിന്റെ കുടുംബത്തിന് ഉടന്‍ അര്‍ഹമായ സഹായം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദാനിഗ്രൂപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല