സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍. യുഎസ് ആസ്ഥാനമായ വെബ് കോമിക്-ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സാണ് രൂക്ഷവിമര്‍ശനത്തിന് വഴിവെച്ച കാര്‍ട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം.
കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ധനഗ്നരായി, ലങ്കോട്ടി മാത്രം ധരിച്ച കുറച്ച് ജീവനക്കാര്‍ കപ്പലിന്റെ കണ്‍ട്രോള്‍ റൂമില്‍ ഭയന്നുവിറച്ചുനില്‍ക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. ജീവനക്കാര്‍ നില്‍ക്കുന്നത് ചെളിവെള്ളത്തിലാണ്. കപ്പല്‍ പാലത്തിന് നേര്‍ക്ക് നീങ്ങുമ്പോള്‍ ഇവര്‍ പരസ്പരം അസഭ്യം പറയുന്നതും കാര്‍ട്ടൂണിലുണ്ട്. ജീവനക്കാരില്‍ ചിലര്‍ക്ക് തലപ്പാവുമുണ്ട്.
ബുധനാഴ്ചയാണ് സിങ്കപ്പുര്‍ പതാക വഹിച്ചിരുന്ന ‘ദാലി’ എന്ന ചരക്കുകപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നത്. പാലക്കാട് സ്വദേശിയായ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കപ്പല്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. അപകടത്തിന് തൊട്ടുമുന്‍പ് കപ്പലില്‍ വൈദ്യുതിതടസ്സം ഉണ്ടായെന്നും അതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നുമാണ് വിവരം. കപ്പലിലെ രണ്ട് കപ്പിത്താന്‍മാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പ് കപ്പലില്‍നിന്ന് അടിയന്തര ഫോണ്‍കോളുകളും ജീവനക്കാര്‍ നടത്തിയിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍,മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ തുടങ്ങിയവര്‍ ഇന്ത്യക്കാരായ കപ്പല്‍ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്ടമായ വിവരം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അധികൃതരെ ഉടന്‍ അറിയിച്ചതുവഴി ക്രൂ അംഗങ്ങള്‍ നിരവധി ജീവനുകള്‍ രക്ഷിച്ചതായും ബൈഡന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല