സ്വന്തം ലേഖകൻ: എൻഎച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ (ആക്സിഡന്റ് ആൻഡ് എമർഡൻസി ഡിപ്പാർട്ട്മെന്റ്) ചികിൽസ കിട്ടാനുള്ള കാത്തിരിപ്പിനിടെ മരിക്കുന്നത് ആഴ്ചതോറും 250 രോഗികളെന്ന് റിപ്പോർട്ട്. റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. എട്ടു മണിക്കൂറുകൾ വരെ നീളുന്ന എ ആൻഡ് ഇയിലെ കാത്തിരിപ്പിനിടെ 72 രോഗികളിൽ ഒരാൾവീതം മരണപ്പെടുന്നു എന്നാണ് റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ കണ്ടെത്തിയത്
എട്ടു മുതൽ പന്ത്രണ്ടു മണിക്കൂർ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞവർഷം ഒരു ബില്യൻ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും ഇതൊന്നും പ്രായോഗികമായി ഫലം കാണുന്നില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 14,000 പേരാണ് സമയത്ത് ചികിൽസ കിട്ടാത്തതിനാൽ കഴിഞ്ഞവർഷം മരണത്തിന് കീഴടങ്ങിയത്. കൃത്യസമയത്ത് അഡ്മിറ്റ് ചെയ്ത് ചികിൽസിച്ചിരുന്നെങ്കിൽ ഒഴിവാക്കാവുന്നതായിരുന്നു ഇതിൽ ഭൂരിപക്ഷം പേരുടെയും മരണം.
2023-ൽ 1.54 മില്യൻ രോഗികളാണ് ചികിൽസയ്ക്കായി അത്യാഹിത വിഭാഗത്തിൽ 12 മണിക്കൂറിലേറെ കാത്തിരുന്നു വലഞ്ഞത്. 2022-ൽ ഇത് 1.66 മില്യനായിരുന്നു എന്നതാണ് ആശ്വസിക്കാവുന്ന കണക്ക്. മരണനിരക്കിലും നേരിയ കുറവ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായി. 2022-ൽ ആഴ്ചയിൽ 268 പേരാണ് മരിച്ചത്. കാത്തിരുന്നവരിൽ പകുതിയിലേറെ പേരും അഡ്മിഷൻ ആവശ്യമുള്ളവാരാണെന്നതാണ് എൻഎച്ച്എസിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നത്. വൻ തുക അനുവദിച്ചുള്ള പ്രധാനമന്ത്രിയുടെ നടപടികൾ കൃത്യമായി ഫലം ചെയ്യുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല