സ്വന്തം ലേഖകൻ: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്. മാര്‍ച്ച് 26-ന് കേരളത്തില്‍നിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.
ലോവര്‍ സുബാന്‍സിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് അരുണാചലിലെ മലയാളി അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ജിറോയിലെ ഹോട്ടല്‍മുറിയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. പൂജ്യം ഡിഗ്രിക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ.
ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചല്‍ പോലീസ് നല്കുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
മൂവരെയും കൈഞരമ്പ് മുറിച്ചനിലയിലാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും അരുണാചല്‍ പോലീസ് പറഞ്ഞു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല