1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2024

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്ന ബജറ്റ് വിമാന കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി. ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയേയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയേയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ആരംഭിച്ചത്.

ഇതോടെ സര്‍വീസ് ആരംഭിച്ച് 19 മാസത്തിനുള്ളില്‍ വിദേശത്തേക്ക് പറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈനായി ആകാശ എയര്‍ മാറി. മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉദ്ഘാടന വിമാനം രാത്രി 7:40 ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.

മുംബൈയില്‍ നിന്ന് പരമ്പരാഗത ദീപം തെളിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വിമാനം ദോഹയിലേക്ക് യാത്ര ആരംഭിച്ചത്. ആകാശയിലെയും ബിഒഎമ്മിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദോഹയില്‍ ഇന്ത്യന്‍, ഖത്തര്‍ അംബാസഡര്‍മാര്‍ വിമാനത്തെ സ്വാഗതം ചെയ്തു.

ഫ്‌ലൈറ്റിലെ ആദ്യ യാത്രക്കാരന് ഒരു പ്രത്യേക ബോര്‍ഡിംഗ് പാസ് ലഭിച്ചു. കൂടാതെ മുഴുവന്‍ വനിതാ ജീവനക്കാരും ആചാരപരമായ റിബണ്‍ മുറിക്കല്‍ നടത്തി. ദോഹയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന വിമാന യാത്രയുടെ ആവശ്യകത നിറവേറ്റുന്നതിന് സഹായകമാണ്.

ദോഹയിലേക്ക് ആദ്യ അന്താരാഷ്ട്ര യാത്ര ആരംഭിക്കുന്ന ആകാശ എയറിനെ ഊഷ്മളമായ സ്വാഗതം നല്‍കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഫിനാന്‍സ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് സുജാത സൂരി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തവും ഖത്തറിന്റെ വ്യോമയാന മേഖലയുടെ മികവും ഇത് വ്യക്തമാക്കുന്നതായും സുജാത സൂരി അഭിപ്രായപ്പെട്ടു.

പുതിയ സര്‍വീസ് ആരംഭിക്കുന്നതിനെ ദോഹയിലെ ഇന്ത്യന്‍ എംബസിയും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി, വ്യാപാരം, ടൂറിസം എന്നിവയ്ക്ക് ഇത് സംഭാവന നല്‍കുമെന്ന് പോസ്റ്റില്‍ എഴുതി.

2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ ആഭ്യന്തര സര്‍വീസ് ആരംഭിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആകാശ എയറിന് അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍, ബാഗ്ഡോഗ്ര, ഭുവനേശ്വര്‍ എന്നിവയുള്‍പ്പെടെ 21 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.