1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

അമൃത ടിവിയിലെ ‘കഥയല്ലിതു ജീവിതം’ റിയാലിറ്റി ഷോയ്‌ക്കെതിരേ ബ്രോഡ്‌കാസ്‌റ്റിംഗ്‌ കണ്ടന്റ്‌ കംപ്ലെയിന്റ്‌സ്‌്‌ കൗണ്‍സിലിന്‌ (ബിസിസിസി) പരാതി. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗീഥയാണ്‌ പരാതിക്കാരി. നാഷണല്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിക്കും ( നല്‍സ) പരാതി അയച്ചിട്ടുണ്ട്‌. കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി (കെല്‍സ) ഈ പരിപാടിയുമായി സഹകരിക്കുന്നതിനെ ചോദ്യം ചെയ്‌തും കഥയല്ലിതു ജീവിതത്തിന്‌ സ്‌ത്രീ വിരുദ്ധ സ്വഭാവമാണ്‌ ഉള്ളതെന്ന്‌ ആരോപിച്ചുമാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ബിസിസിസിയുടെ അടുത്ത യോഗത്തില്‍ പരാതി ചര്‍ച്ച ചെയ്യുമെന്ന്‌ സെക്രട്ടറി നരേഷ്‌ ചാഹല്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ നല്‍സയില്‍ നിന്ന്‌ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

കഴിഞ്ഞ മാസം 19ന്‌ രാത്രി 9.30ന്‌ അമൃത ടിവി സംപ്രേഷണം ചെയ്‌ത ‘കഥയല്ലിതു ജീവിതം’ എപ്പിസോഡിനെക്കുറിച്ച്‌ രണ്ടു പരാതികളിലും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. രമേഷ്‌ എന്നയാളുടെ ഭാര്യ ഷീബ പ്രദീപ്‌ എന്നയാളുടെയൊപ്പം ഒളിച്ചോടിപ്പോയതിനെക്കുറിച്ചുള്ള പരാതി ചര്‍ച്ച ചെയ്‌ത പല എപ്പിസോഡുകളില്‍ ഒന്നാണ്‌ ഇത്‌. പ്രദീപിന്റെ അമ്മ ക്യാമറയ്‌ക്കു മുന്നില്‍ അപസ്‌മാര പ്രവണ കാണിച്ച്‌ ബോധഹരിതയാകുന്നതും, ഇത്‌ കണ്ട്‌ അലറി വിളിച്ച്‌ പ്രദീപിന്റെ ഭാര്യ ശാലിനി കുഴഞ്ഞുവീഴുന്നതും മറ്റുമായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്‌സ്‌. ഈ ദൃശ്യങ്ങളുടെ യൂ ട്യൂബ്‌ ലിങ്കും അമൃത ടിവി വെബ്‌സൈറ്റിന്റെ ലിങ്കും നല്‍സയ്‌ക്കുള്ള പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്‌. ബിസിസിസിക്ക്‌ ഇത്തരം പകര്‍പ്പുകള്‍ ആവശ്യമില്ല. പകരം , പരാതിക്ക്‌ ഇടയാക്കിയ ചാനലിന്റെയും പരിപാടിയുടെയും പേരും പരിപാടി സംപ്രേഷണം ചെയ്‌ത ദിവസവും സമയവും മാത്രം അറിയിച്ചാല്‍ മതി.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ നീതി നിഷേധിക്കപ്പെടാതിരിക്കുന്നതിന്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന്‌ 1987ലെ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റീസ്‌ ആക്‌റ്റ്‌ പ്രകാരം രൂപീകരിച്ചതാണ്‌ കേര ലീഗല്‍ സര്‍വീസ്‌ അതോറിറ്റി. ഹൈക്കോടതി ചീഫ്‌ ജസ്റ്റിന്റെതന്നെ മേല്‍നോട്ടത്തിലുള്ള കെല്‍സയിലെ ജഡ്‌ജിയും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമാണ്‌ അമൃത ഷോയില്‍ പങ്കെടുക്കുന്നത്‌. കെല്‍സ പാനലിന്റെ തീര്‍പ്പിന്‌ നിയമ സാധുതയുമുണ്ട്‌. എന്നാല്‍ ചാനലിന്റെ റേറ്റിംഗ്‌ വര്‍ധിപ്പിക്കുന്നതിന്‌ നാടകീയത സൃഷ്ടിച്ച്‌, സീരിയലോ സിനിമയോ പോലെ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ കെല്‍സ സഹകരിക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഇരകളെ വേട്ടയാടുന്നതിന്‌ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തില്‍ പൊലീസിന്റെ ലുക്കൗട്ട്‌ നോട്ടീസ്‌ പോലെ ഫോട്ടോകള്‍ സംപ്രേഷണം ചെയ്യുന്നതും നിയമവിരുദ്ധമാണ്‌. ഇതിനെല്ലാം കെല്‍സ കൂട്ടുനില്‍ക്കുന്നത്‌ വിലക്കണമെന്നാണ്‌ പരാതിയിലെ മുഖ്യ ആവശ്യം. മലയാള സിനിമയിലെ മുന്‍കാല നടി വിധുബാല അവതരിപ്പിക്കുന്ന കഥയല്ലിതു ജീവിതത്തിലെ പല പരാമര്‍ശങ്ങളും സ്‌ത്രീവിരുദ്ധവും അവരെ പരസ്യമായി അവഹേളിക്കുന്നതുമാണെന്നും ഗീഥയുടെ പരാതിയില്‍ വിശദീകരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.