സ്വന്തം ലേഖകൻ: കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തായ്ലാന്‍ഡിലേക്ക് കടന്നു കളഞ്ഞ 80 കാരന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. 1997ല്‍, ചെഷയറിലെ ക്രൗണ്‍ കോടതിയില്‍ കേസിന്റെ പ്രഥമ വിചാരണ നടക്കാന്‍ ഇരുന്ന സമയത്തായിരുന്നു ഇയാള്‍ മുങ്ങിയത്. റിച്ചാര്‍ഡ് ബറോസ് എന്ന ഈ 80 കാരന്‍ 1969 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തിലായിരുന്നു കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്.
ഇയാളെ കാണാതായതില്‍ പിന്നെ ഇയാള്‍ക്കായി വ്യാപക തിരച്ചിലുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. ബി ബി സിയുടെ ക്രൈം വാച്ച് എന്ന പരിപാടിയിലും ഇയാളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ ചിലത് നടന്നത് ഒരു ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. മറ്റു ചിലത് നടന്നത് വെസ്റ്റ് മിഡ്ലാന്‍ഡ്സിലും. ചെഷയര്‍ കോടതിയില്‍ ഇയാളുടെ പേറില്‍ 13 കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 11 എണ്ണം ദുരുദ്ദേശത്തോടെയുള്ള പെരുമാറ്റത്തിനും 2 എണ്ണം ഗുരുതരമായ ലൈംഗിക പീഡനങ്ങള്‍ക്കും ആയിരുന്നു.
ചെഷയറിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുറ്റകൃത്യങ്ങള്‍ നടന്നത് 1969 നും 1971 നും ഇടയിലുള്ള കാലത്തായിരുന്നെങ്കില്‍, 1971 മുതല്‍ 1981 വരെയുള്ള കാലത്തായിരുന്നു വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ കുറ്റകൃത്യങ്ങള്‍ നടന്നത്. അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി. ബറോസിന് കേള്‍വിശക്തി ഇല്ലാതെ ആയതിനാല്‍, കോടതിയില്‍ കാര്യങ്ങള്‍ സാവധാനത്തിലായിരുന്നു നടന്നത്.
ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോടതിയില്‍ ഹാജരാകാതിരുന്ന കാര്യം സ്ഥിരീകരിക്കുന്നതിനും പിന്നെ അയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നതിനും വേണ്ടി, രണ്ട് തവണ മാത്രമായിരുന്നു ബറോസ് കോടതിയില്‍ സംസാരിച്ചത്. 1997-ല്‍ നടന്ന വിചാരണയുടെ ആദ്യഘട്ടത്തില്‍ ഇയാള്‍ കുറ്റാരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചിരുന്നു. ഇനി ജൂണിലായിരിക്കും ഇയാള്‍ വിചാരണ നേരിടുക.
ജൂണ്‍ 21 ന് ഇയാളുടെ വാദം ആരംഭിക്കുന്നതുവരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പിന്നീട് 2025 ജനുവരിയില്‍ ആയിരിക്കും വിചാരണ ആരംഭിക്കുക. വലിയൊരു നേട്ടം തന്നെയാണ് ഇയാളുടെ അറസ്റ്റ് എന്നാണ് ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ എലനോര്‍ അറ്റ്കിന്‍സണ്‍ പറഞ്ഞത്. ഒളിവില്‍ കഴിയുന്ന മറ്റ് കുറ്റവാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ബറോയുടെ അറസ്റ്റെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല