സ്വന്തം ലേഖകൻ: വിളവെടുപ്പ് കാലത്ത് മാത്രം ബ്രിട്ടനില്‍ പഴവര്‍ഗ്ഗങ്ങള്‍ പറിക്കുന്ന ജോലിക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വീസയ്ക്കുള്ള ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. താത്ക്കാലിക ജോലിക്കായി എത്തി, വിളവെടുപ്പ് കാലം കഴിഞ്ഞാല്‍ തിരിച്ചു പോകുന്നവര്‍ക്കുള്ള വീസയുടെ ഫീസ് 5,500 പൗണ്ട് ആയി ഉയര്‍ത്തിയിരിക്കുകയാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ തൊഴിലിനായി കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത്. സര്‍ക്കാരിന്റെ സീസണല്‍ വര്‍ക്കര്‍ സ്കീം വഴി ഈ തൊഴില്‍ ലഭിക്കാന്‍ ഇവര്‍ക്ക് ശരാശരി 1,231 പൗണ്ട് ഇടനിലക്കാര്‍ക്ക് നല്കേണ്ടതായും വരുന്നുണ്ട്.
കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, നേപ്പാള്‍, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഈ തൊഴിലിനായി കൂടുതല്‍ പേര് എത്തുന്നത്. അവരില്‍ പലരും വന്ന്പ്പോള്‍ ഉള്ളതിനേക്കാള്‍ മോശമായ സാമ്പത്തിക പരിസ്ഥിതിയുമായാണ് തിരികെ പോകുന്നതും. ഇവരുടെ പ്രശ്നങ്ങളെകുറിച്ച് പഠനം നടത്തിയ ഗവേഷകരോട്, പഠനത്തില്‍ പങ്കെടുത്ത തൊഴിലാളികളില്‍ 72 ശതമാനം പേര് പറഞ്ഞത് യു കെയിലേക്ക് വരുന്നതിനുള്ള ചെലവ് കണ്ടെത്താനായി വായ്പ എടുത്തിട്ടുണ്ട് എന്നാണ്.
കസാക്കിസ്ഥാനില്‍ നിന്നുള്ള അമിന എന്ന സ്ത്രീ പറഞ്ഞത്, കസാക്കിസ്ഥാനില്‍ നിന്നും വന്ന പലരും അവരുടെ ആസ്തികളും മറ്റും വിറ്റാണ് യു കെയിലേക്ക് വരുന്നതിനുള്ള ചെലവ് കണ്ടെത്തിയത് എന്നാണ്. ഇവിടെ തൊഴില്‍ ചെയ്ത് കൂടുതല്‍ പണം സമ്പാദിക്കാം എന്ന ആഗ്രഹവുമായിട്ടാണ് അവര്‍ വരുന്നതെന്നും അമിന പറഞ്ഞു. അത് കൊണ്ടു തന്നെ പലരും, സ്വന്തം നാട്ടിലുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് വന്നിരിക്കുന്നത്.
ടിക്ടോക്, ടെലെഗ്രാം, ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ വരുന്ന പരസ്യങ്ങളില്‍ നല്‍കുന്നത് മോഹന വാഗ്ദാനങ്ങളാണ്. എല്ലാം സുരക്ഷിതവും സുന്ദരവുമായി തോന്നും. എന്നാല്‍ ഇവിടെ എത്തിയാലുള്ള അനുഭവം നേരെ മറിച്ചുമായിരിക്കും. വന്‍ ചതിയാണ് ഇവിടെ നടക്കുന്നതെന്നും അവര്‍ പറഞ്ഞു വയ്ക്കുന്നു.
ആറു മാസക്കാലത്തെ വീസയില്‍ എല്ലാവര്‍ഷവും 45,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് സീസണല്‍ വര്‍ക്കര്‍ പദ്ധതി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ യു കെയില്‍ എത്തിയ കുടിയേറ്റക്കാരെ പരസ്യമായി അവഹേളിച്ചതായും, വാഗ്ദാനം ചെയ്ത വേതനം പൂര്‍ണ്ണമായി നല്‍കാതിരുന്നതായും ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസവും ഇന്‍ഡിപെന്‍ഡന്റ് പത്രവും യോജിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല, പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.
83 കുടിയേറ്റക്കാരുമായും 2022 ജൂണിനും ഒക്ടോബറിനും ഇടയില്‍ സീസണല്‍ വര്‍ക്കര്‍ വീസയി റൂട്ടില്‍ യു കെയില്‍ എത്തിയ 399 പേരുമായും സംസാരിച്ച് തയ്യാറാക്കിയതാണ് ഫോക്കസ് ഓണ്‍ ലേബര്‍ എക്സ്പ്ലോയിറ്റേഷന്‍ (ഫ്ലെക്സ്) ന്റെ പുതിയ റിപ്പോര്‍ട്ട്. അതില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ രണ്ടു പേരും പറഞ്ഞത് തങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു തങ്ങള്‍ ഒപ്പിട്ട കരാര്‍ എന്നായിരുന്നു. ഇവിടേക്ക് വരുന്നതിന് മുന്‍പായി സത്യം തുറന്നു പറയുന്നതാണ് നല്ലതെന്ന് യുക്രെയിനില്‍ നിന്നുള്ള 49 കാരിയായ ഒരു വനിത തൊഴിലാളി പറയുന്നു. അതല്ലെങ്കില്‍, ഇവിടേക്ക് ജോലിക്ക് വരാന്‍ ആളുകള്‍ മടിക്കുന്ന കാലം വരും എന്നും അവര്‍ പറയുന്നു.
പലരും, ജോലിക്ക് വരുകയും, കുറച്ചുനാള്‍ ജോലി ചെയ്തതിനു ശേഷം എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ്. പലര്‍ക്കും തൊഴില്‍ ലഭിക്കുന്നതിനായി ഏജന്റുമാര്‍ക്ക് പണം നല്‍കേണ്ടതായി വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ എത്തിയവരില്‍ ഏറിയ പങ്കും വഞ്ചിക്കപ്പെടുക എന്നതുള്‍പ്പടെ, തടയാന്‍ കഴിയുന്ന അപകട സാധ്യതകളിലാണെന്ന് ഫ്ലെക്സ് റിസര്‍ച്ച് മാനേജര്‍ ഒളിവര്‍ ഫിഷര്‍ പറയുന്നു. വഞ്ചിക്കപ്പെടാന്‍ ഇടയാക്കുന്ന പിഴവുകള്‍ ഈ നിയമത്തില്‍ നിന്നും നീക്കംചെയ്യണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല