ബാംഗ്ലൂര്‍: മമ്മൂട്ടി ആരോഗ്യമേഖലയിലൂടെ ബിസിനസ് രംഗത്തേക്കും എത്തുന്നു. മരുമകനും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. മുഹമ്മദ് റെയ്ഹാന് സയ്ദിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മദര്‍ഹുഡ് ആസ്പത്രിയിലൂടെയാണ് കേരളത്തിന്റെ പ്രിയതാരം ആരോഗ്യരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ ഭര്‍ത്താവാണ് ഡോ. മുഹമ്മദ് റെയ്ഹാന്. സുറുമിയാണ് ആശുപത്രിയുടെ സി.ഇ.ഒ
ഗര്‍ഭസ്ഥശിശു സംരക്ഷണ മേഖലയില്‍ രാജ്യത്ത് വലിയ സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നതെന്ന് മലയാളികളുടെ സൂപ്പര്‍താരം വ്യക്തമാക്കി.
മരുമകനു പുറമേ മകള്‍ സുറുമി, മകന് ദുല്കര് സല്മാന് എന്നിവരും ആസ്പത്രിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ഗര്‍ഭ-ശിശു സംരക്ഷണരംഗത്ത് നൂതന സംവിധാനങ്ങളുമായാണ് മദര്‍ഹുഡ് ആസ്പത്രി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ദിരാനഗര്‍ ഫസ്റ്റ് സ്റ്റേജ് സി.എം.എച്ച്. റോഡില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു.
നിലവില്‍ 35 ബെഡ്ഡുള്ള ആസ്പത്രിയാണ് ഇത്. 2011 അവസാനത്തോടെ കൊച്ചിയിലും ആസ്പത്രിയുടെ ശാഖ തുടങ്ങും. അടുത്ത രണ്ടു വര്‍ഷത്തില്‍ കൊച്ചിക്ക് പുറമെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ തുറക്കും. 75 കോടിയാണ് മുതല്‍മുടക്ക്.
പ്രസവം, പ്രസവാനന്തര ശുശ്രൂഷ, ശിശുസംരക്ഷണം, തുടങ്ങിയ പ്രധാന ചികിത്സകള്‍ ഇവിടെ ലഭിക്കും. പാനലില്‍ 14 ഗൈനക്കോളജിസ്റ്റ്, നാല് നിയോനേറ്റല്‍ സ്പെഷലിസ്റ്റുകള്‍, നാല് ശിശുരോഗവിദഗ്ധര്‍ തുടങ്ങിയവര്‍ ചികിത്സയ്ക്കുണ്ടാകും. ഗര്‍ഭിണികള്‍ക്കുള്ള വ്യായാമമുറ ലമാസ് ടെക്നിക്, ഏറോബിക്സ് സെന്റര്‍, നിയോനേറ്റല്‍ ചികിത്സകള്‍ തുടങ്ങിയ സംവിധാനവും ലഭിക്കും. ആസ്പത്രിയുടെ ബ്രോഷറിന്റെ ആദ്യ കോപ്പി മമ്മൂട്ടി സന്തോഷ് ഹെഗ്ഡെക്ക് നല്കി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല