സ്വന്തം ലേഖകൻ: മറ്റൊരു ഇന്ത്യൻ വിദ്യാർഥിനിയെ കൂടി യു.എസിലെ ഒഹായോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെനന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ഒഹായോയിലെ ക്ലീവ്ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം യു.എസിൽ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർഥിനിയാണ്. വിദ്യാർഥിനിയുടെ മരണത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അവർ ഉറപ്പുനൽകി.
‘ഒഹായോയിലെ ക്ലീവ്ലാൻഡിലുള്ള ഇന്ത്യൻ വിദ്യാർഥിനി ഉമ സത്യ സായി ഗദ്ദേയുടെ ദൗർഭാഗ്യകരമായ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു, പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാർഥിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഉമാ ഗദ്ദേയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നൽകും’ -കോൺസുലേറ്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
മാർച്ചിൽ ക്ലീവ്ലാൻഡിൽ ഇന്ത്യൻ വിദ്യാർഥിയായ മുഹമ്മദ് അബ്ദുൽ അറഫാത്തിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരുസംഘം അറഫാത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല