സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഭോപ്പാലിലെ ഗായത്രി വിഹാര്‍ കോളനിയില്‍ താമസിക്കുന്ന മലയാളി നഴ്സ് ടി.എം. മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍(31)നെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഹലാല്‍പുര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മായയെ അബോധാവസ്ഥയില്‍ ദീപക് ആശുപത്രിയിലെത്തിച്ചത്. യുവതി തലചുറ്റി വീണെന്നും പിന്നാലെ അബോധാവസ്ഥയിലായെന്നുമാണ് ദീപക് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുന്‍പേ യുവതിയുടെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷമാണ് പ്രതി മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മായ 11 വയസ്സുള്ള മകനോടൊപ്പം ഭോപ്പാലിലെ ബാവഡിയ കാലാനിലാണ് താമസം. ഇവിടത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലിചെയ്തിരുന്നത്. അഞ്ചുവര്‍ഷം മുന്‍പ് ലാല്‍ഘാട്ടിയിലെ മറ്റൊരു ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് മായയും ദീപകും പരിചയപ്പെടുന്നത്. ഇതേ ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന് ഇന്‍-ചാര്‍ജായിരുന്നു പ്രതി.
ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ ദീപക് ലാല്‍ഘാട്ടിയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നഴ്സ് ഈ ഫ്ളാറ്റില്‍ ഇടയ്ക്കിടെ വന്നിരുന്നു. ബുധനാഴ്ച വൈകിട്ടും ദീപക്കിനെ കാണാനായി യുവതി ഫ്ളാറ്റിലെത്തി. തുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി നാലുമണിക്കൂറോളം മൃതദേഹം ഫ്ളാറ്റില്‍ സൂക്ഷിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു.
അഞ്ചുവര്‍ഷമായി മായയുമായി അടുപ്പത്തിലായിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മറ്റൊരു യുവതിയുമായി ദീപക്കിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ കലഹം ആരംഭിച്ചു. തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതി, ഇതിന് മുന്നോടിയായി ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. ഏതാനുംദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബുധനാഴ്ച വൈകിട്ടോടെ പ്രതി നഴ്സിനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. തന്റെ ജീവിതത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല