സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു.
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 ആയി വർധിക്കും. പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽനിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്കു കൂടി യാത്ര ചെയ്യാം. ആഴ്ചയിൽ 7998 പേർക്ക് യാത്ര ചെയ്യാൻ അവസരമൊരുങ്ങും. നിലവിൽ 5776 പേർക്കാണ് അവസരം.
റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് തുടക്കത്തിൽ ഉണ്ടാവുക. കണ്ണൂരിൽനിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും.
റാസൽഖൈമയിൽ നിന്ന് മേയ് 2 മുതൽ ലക്നൗവിലേക്കും സർവീസുണ്ട്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ഇന്ത്യയിൽ എത്തും.
അബുദാബിയിൽനിന്ന് ആഴ്ചയിൽ 6 സർവീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതൽ പ്രതിദിന സർവീസാക്കി. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.
ഈ മാസം 15 മുതൽ അബുദാബിയിൽനിന്ന് മുംബൈ സെക്ടറുകളിലേക്ക് പ്രതിദിന സർവീസാക്കി വർധിപ്പിച്ചു. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.
മേയ് മുതൽ അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 4 അധിക സർവീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമുണ്ടായിരുന്ന സർവീസ് മേയ് മുതൽ പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 2 സർവീസുകളാകും.
പെരുന്നാൾ അവധി ദിവസങ്ങളിൽ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുക 7 ലക്ഷം യാത്രക്കാർ. 5 മുതൽ 14വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കേരളം ഉൾപ്പെടെ ലോകത്തിലെ 120 വിമാനത്താവളങ്ങളിലേക്ക് 4000 സർവീസുകളാണ് അബുദാബിയിൽ നിന്ന് ഈ ദിവസങ്ങളിലുണ്ടാവുക. ലണ്ടൻ, മുംബൈ, കൊച്ചി, ഡൽഹി, ദോഹ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരാണ് അബുദാബിയിൽ എത്തുന്നവരിൽ ഭൂരിപക്ഷവും.
ഈദ് അവധി ദിന യാത്രക്കാർക്ക് യുഎഇ സാംസ്കാരിക, പൈതൃക പരിപാടികൾ ആസ്വദിക്കാനും വിമാനത്താവളത്തിൽ അവസരമൊരുക്കി. യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നേടാനും അവസരമുണ്ട്. പുതിയ ടെർമിനൽ തുറന്ന് 60 ദിവസം പിന്നിട്ടപ്പോഴേക്കും 40.48 ലക്ഷം യാത്രക്കാർ വിമാനത്താവളം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 10.21 ലക്ഷം പേർ രാജ്യത്തേക്ക് പ്രവേശിച്ചവരും 10.22 ലക്ഷം രാജ്യം വിട്ടവരുമാണ്. 20 ലക്ഷം ട്രാൻസിറ്റ് യാത്രക്കാരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല