സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കും യുഎഇ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 15ന് ജയ്പൂരിൽ വിമാനങ്ങൾ ലാൻ്റ് ചെയ്യും. കേരളത്തിൽ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആയി ഉയർത്തും. ജൂൺ 15 മുതൽ നിരവധി സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നുണ്ട്.
ജയ്പൂരിന് പുറമേ തുര്‍ക്കിയുടെ ടൂറിസം തലസ്ഥാനമായി അറിയപ്പെടുന്ന അന്റാലിയ വിമാനത്താവളത്തിലേക്കും സര്‍വീസ് ആരംഭിക്കും. ജൂൺ 24നാണ് സൗദി അറേബ്യയിലേക്ക് ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നത്. സൗദിയിലെ അല്‍ ഖസീമിലേക്കാണ് ഇത്തിഹാദ് സര്‍വീസ് നടത്തുക. ഇതോടെ ഇത്തിഹാദ് വിമാനങ്ങളിറങ്ങുന്ന സൗദിയിലെ നാലാമത്തെ നഗരമാവും അല്‍ ഖസീം.
സൗദി അറേബ്യയിലെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നാണ് അല്‍ ഖസീം. അൽ ഖസിമിലെ പ്രിൻസ് നൈഫ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കാണ് ഇത്തിഹാദ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് നേരിട്ടായിരിക്കും സർവീസ് നടത്തുന്നത്.
കെയ്റോ, കറാച്ചി, കൊളംബോ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ സര്‍വീസ് ആരംഭിക്കും. ഇതോടെ പ്രതിവാര ഫ്ളൈറ്റുകള്‍ കെയ്റോയിലേക്ക് ആകെ 24ഉം കറാച്ചിയിലേക്ക് 17ഉം കൊളംബോയിലേക്ക് 20ഉം ആയി ഉയരും. ഇത്തിഹാദിന്റെ പ്രതിവാര ഫ്ളൈറ്റുകളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണ് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല