സ്വന്തം ലേഖകൻ: യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്. ഇതുവഴി കുടിയേറ്റ നിരക്ക് കുറയ്ക്കാനാണു ശ്രമം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറയുകയാണുണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം ശമ്പളത്തില്‍ നിന്നും സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ വീസ സിസ്റ്റം കുറഞ്ഞ യോഗ്യതയുള്ള കുടിയേറ്റക്കാരെ എത്തിക്കാന്‍ വഴിതുറക്കുകയും, രാജ്യത്തിന് ഗുണമാകുന്നതിന് പകരം തിരിച്ചടി നല്‍കുകയും ചെയ്യുമെന്നാണ് വിമര്‍ശനം.
2021-ല്‍ കെയറിംഗ് പ്രൊഫഷണങ്ങള്‍ സര്‍വ്വീസുകള്‍ക്ക് അനുവദിച്ച വീസകളുടെ എണ്ണം കേവലം 4.3 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 47.3 ശതമാനത്തിലേക്കാണ് കുതിച്ചുചാടിയതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ് പറയുന്നു. വര്‍ക്ക് വീസയിലൂടെ ഈ വിധത്തില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കാകട്ടെ ചുരുങ്ങിയ ശമ്പളം 20,960 പൗണ്ട് മാത്രമാണെന്ന് ഇവര്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.
നഴ്സിംഗ്, മിഡ്വൈഫറി പ്രൊഫഷണിലേക്ക് വരുന്ന കാല്‍ശതമാനം കുടിയേറ്റക്കാര്‍ക്ക് 30,726 പൗണ്ടാണ് ശരാശരി ശമ്പളം. ഐടി, ടെലികോം പ്രൊഫണലുകള്‍ക്ക് ശരാശരി ശമ്പളം 48,655 പൗണ്ടാണ്. പുതിയ സിസ്റ്റം നെറ്റ് മൈഗ്രേഷനില്‍ 30,000 പേരുടെ കുറവ് വരുത്തുമെന്ന് എംപിമാര്‍ പറയുന്നുണ്ടെങ്കിലും കെയര്‍ മേഖലയ്ക്ക് ഇളവ് നല്‍കിയതോടെ ഇതിന്റെ ഗുണം നഷ്ടമാകുന്നുവെന്നാണ് വിമര്‍ശകരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല