സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടു. നഴ്സിംഗ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കണ്സള്ട്ടേഷന് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുന്നു. നഴ്സിംഗ് മേഖലയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ സര്‍ക്കാരുമായി പങ്കുവച്ചതായും ആര് സി എന്‍ അറിയിച്ചു.
നിലവില്‍, എന്‍ എച്ച് എസ്സ് ഇംഗ്ലണ്ടിലെ മുക്കാന്‍ ഭാഗം നഴ്സുമാരും ബാന്‍ഡ് 5 ലും ബാന്‍ഡ് 6 ലും ഉള്‍പ്പെടുന്നവരാണ്. റജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. അതേസമയം നഴ്സിംഗ് ജോലിയില്‍ കാര്യമായ വ്യത്യാസം കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായിട്ടുമുണ്ട്.
ഉയര്‍ന്ന തലത്തിലുള്ള സ്വാശ്രയത്വവും, സ്പെഷ്യലൈസേഷനും, ഉത്തരവാദിത്ത്വവുമൊക്കെ ഇന്ന് ഈ മേഖലയിലുണ്ട്. ഒരു പുതിയ ശമ്പള ഘടനയോടു കൂടിയ പുതിയ നഴ്സിംഗ് കരിയര്‍ ഫ്രെയിംവര്‍ക്കിന് മാത്രമെ നഴ്സിംഗ് ജീവനക്കാര്‍ക്ക് നീതിപൂര്‍വ്വമായ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയൂ എന്ന് ആര് സി എന്‍ വക്താക്കള്‍ പറയുന്നു.
അടുത്തിടെ നടത്തിയ എംപ്ലോയ്മെന്റ് സര്‍വ്വെയില്‍ നിന്നും ലഭിച്ചതുള്‍പ്പടെയുള്ള തെളിവുകളാണ് ആര് സി എന്‍ സര്‍ക്കാരുമായി പങ്കുവച്ചിരിക്കുന്നത്. അര്‍ഹിക്കുന്ന വേതനവും അംഗീകാരവും ലഭിക്കാത്തതാണ് എന്‍ എച്ച് എസ് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരില്‍ 70 ശതമാനം പേരും ഈ സര്‍വ്വേയില്‍ കാരണമായി ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, നിലവിലെ ബാന്‍ഡിംഗ് രീതിയിലുള്ള അതൃപ്തിയും സര്‍വ്വേയില്‍ നിരവധി പേര് പ്രകടിപ്പിച്ചിരുന്നു.
ചെയ്യുന്ന ജോലിക്കും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ക്കും യോജിച്ച ബാന്ഡിലാണോ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 66 ശതമാനം പേരുടെ മറുപടി അല്ല എന്നായിരുന്നു. 40 ശതമാനം പേര് പറഞ്ഞത് തങ്ങള്‍ക്ക് ആവശ്യമായതിലും അധികകാലം ഒരേ ബാന്‍ഡില്‍ തുടരുന്നു എന്നായിരുന്നു. 27 ശതമാനം പേര്‍ക്ക് ഉയര്‍ന്ന ബാന്‍ഡിലുള്ള ജോലി ലഭ്യമാകുന്നില്ല എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
തങ്ങളുടെ അറിവിനെയും വൈദഗ്ധ്യത്തെയും നിലവില്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളെയും താരതമ്യം ചെയ്താല്‍ നിലവിലുള്ള ബാന്‍ഡും ലഭിക്കുന്ന ശമ്പളവും അപര്യാപ്തമാണെന്ന് 87 ശതമാനം പേര് അഭിപ്രായപ്പെട്ടിരുന്നു. എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകള്‍ ഇനിയും നികത്താതെ കിടക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുവാനും, നിലവില്‍ ജോലി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താനും അനുയോജ്യമായ ഒരു ശമ്പള ഘടന രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇപ്പോള്‍ ആവശ്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍, ഈ മേഖലയിലെ പ്രതിസന്ധി ഒരുപക്ഷെ തീര്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ആര് സി എന്‍ സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല